സൗദിയിലെ കടുത്ത ചൂടിൽ 1301 ഹജ് തീർഥാടകർ മരിച്ചതായി റിപ്പോർട്ട്

Share

സൗദി അറേബ്യ:  കടുത്ത ചൂടിനെ തുടർന്ന് ഈ വർഷം 1301 ഹജ് തീർഥാടകർ മരിച്ചതായി റിപ്പോർട്ട്. സൗദി മന്ത്രാലയമാണ് ഈ കാര്യം സ്ഥിരീകരിച്ചത്. മരിച്ചവരിൽ 83 ശതമാനം പേരും അനധികൃത തീർഥാടകരാണെന്നും എല്ലാവരെയും മക്കയിൽ തന്നെ കബറടക്കിയെന്നും സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജൽ അറിയിച്ചു.
ഹജ്ജ് തീർഥാടനത്തിനിടെ കടുത്ത ചൂടിൽ ആയിരത്തിലേറെപേർ മരിച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സൗദി ആരോഗ്യമന്ത്രി ഫഹദ് അൽ ജലാജല്ലിന്റെ സ്ഥിരീകരണം. ഇന്ത്യയുൾപ്പടെ പത്തിലേറെ രാജ്യങ്ങളിൽ നിന്ന് ഹജ്ജിനിടെ തീർഥാടകർ മരിച്ചത് റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും സൗദിയുടെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. പ്രാദേശിക ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി കണക്കുകൾ പുറത്തുവിട്ടത്. മരിച്ച 1301 പേരിൽ 83 പേർ ശതമാനവും അനധികൃത തീർഥാടകരാണ്. കടുത്ത വെയിലിൽ ദീർഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്നെന്നും പെർമിറ്റില്ലാത്തതിനാൽ ഹജ് തീർഥാടകർക്കായി ഒരുക്കിയ എസി സൗകര്യങ്ങളിലൊന്നും ഇവർക്ക് പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും മന്ത്രി അറിയിച്ചു. പ്രായാധിക്യമുള്ളവരും ഗുരുതരരോഗം ബാധിച്ചവരും മരിച്ചവരുടെ കൂട്ടത്തിലുണ്ട്. മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞെന്നും ഇവരെ മക്കയിൽ തന്നെ കബറടക്കിയെന്നും മന്ത്രി അറിയിച്ചു.
ഇക്കുറി പതിനെട്ട് ലക്ഷത്തി മുപ്പത്തിമൂവായിരത്തി ഒരുനൂറ്റി അറുപത്തിനാലുപേരാണ് (1833164) ഹജ്ജിനെത്തിയത്. കടുത്ത ചൂട് കണക്കിലെടുത്ത് കാലാവസ്ഥാ നിയന്ത്രിത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ചൂട് ലഘൂകരണ നടപടികൾ സൗദി നടപ്പാക്കിയിരുന്നു. തീർഥാടകർക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകുകയും കുടിവെള്ളം വിതരണം ചെയ്യുകയും ചെയ്തിരുന്നു.