മക്ക: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 15 ലക്ഷത്തിലേറെ ഹജ്ജ് തീര്‍ഥാടകര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ലോകത്തിന്‍റെ ഏറ്റവും വലിയ മനുഷ്യ സംഗമ വേദിയായി അറിയപ്പെടുന്ന അറഫയില്‍ വെള്ള വസ്ത്രധാരികളായ തീര്‍ഥാടകര്‍ എല്ലാ ഭിന്നതകളും മറന്ന് പ്രാര്‍ഥനാപൂര്‍ണമായ മനസ്സോടെ ഒന്നിച്ചു ചേരും. ഹജ്ജിന്‍റെ പ്രധാന കര്‍മ്മമായ അറഫ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി ഹാജിമാര്‍ ഇന്നലെ തന്നെ മിനായിലെ തമ്പുകളില്‍ നിന്ന് അറഫ ലക്ഷ്യമാക്കി ഒഴുകിത്തുടങ്ങിയിരുന്നു. ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ കനത്ത തിരക്ക് ഒഴിവാക്കാന്‍ വേണ്ടിയാണിത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ തീര്‍ഥാടകരും ഇന്നലെ രാത്രിയോടെ യാത്രയാരംഭിച്ചിരുന്നു. പുണ്യ നഗരികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രെയിന്‍ സർവീസും അറഫാതിലേക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ തീർഥാടകര്‍ ഇന്ന് പുലര്‍ച്ചയോടെ തന്നെ അറഫയില്‍ എത്തിച്ചേര്‍ന്നു.