കുവൈത്ത് സിറ്റി: കുവൈത്തിൽ 6 നില കെട്ടിടത്തിന് തീപിടിച്ച് 6 പേർ മരിച്ചു. കുവൈത്തിലെ മംഗഫിൽ എന്‍.ബി.റ്റി.സി കമ്പിനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് വൻ തീപിടിത്തമുണ്ടായത്. 15 പേർക്ക് പരുക്കേറ്റു. ഇതിൽ ഏതാനും പേരുടെ നില ഗുരുതരമാണ്. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള ബ്ലോക്ക്–4 കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പുലർച്ചെ നാലിനാണ് സംഭവമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ കുവൈത്തിലെ അദാൻ, ജുബൈർ, മുബാറക് എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതുണ്ടെന്നാണ് റിപ്പോർട്ട്.
രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. കമ്പനി സ്പോൺസറുടെ ഉടസ്ഥതയിലുള്ള 6 നില കെട്ടിടത്തിൽ വിവിധ ഫ്ലാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താമസക്കാരിൽ മലയാളികൾ അടക്കം വിവിധ സംസ്ഥാനക്കാരുണ്ട്. പുലർച്ച നല്ല ഉറക്കത്തിലായിരുന്ന സമയത്തുണ്ടായ അഗ്നിബാധ ദുരന്തത്തിന്റെ വ്യാപ്തികൂട്ടി. കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടി എഴുന്നേറ്റ പലരും പ്രാണ രക്ഷാർഥം കെട്ടിടത്തിൽനിന്ന് താഴേക്കു ചാടുകയായിരുന്നു. ഇങ്ങനെ എടുത്തു ചാടിയവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.