തീർത്ഥാടകർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണം

Share

ജമ്മു കശ്മീരിൽ തീർത്ഥാടകരുടെ വാഹനത്തിന് നേരെ ഭീകരാക്രമണം. റീസിയിൽ തീർഥാടകർ സഞ്ചരിച്ച ബസിനുനേരെയാണ് ഭീകരർ വെടിയുതിർത്തത്. ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് 10 പേർ മരിച്ചു. ശിവ് ഖോഡിയിൽ തീർഥാടനത്തിന് പോയവരാണ് മരിച്ചത്. പ്രദേശത്തു സുരക്ഷാ സേന വ്യാപക തിരച്ചിൽ തുടങ്ങി. മുഖംമൂടി ധരിച്ച രണ്ട് ഭീകരരാണ് ബസിനുനേരെ വെടിയുതിർത്തതെന്നാണ് വിവരം. അപകടത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതിന് പുറമെ 33 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. ബസിനുനേരെ അപ്രതീക്ഷിതമായി വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഡ്രൈവറുടെ നിയന്ത്രണം വിട്ട് ബസ് കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. യാത്രക്കാരുടെ പേരുവിവരങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രദേശവാസികൾ അല്ല എന്ന് റിയാസി സീനിയർ പോലീസ് സൂപ്രണ്ട് മോഹിത ശർമ്മ പറഞ്ഞു.
സംഭവ സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളിൽ മലഞ്ചെരുവിൽ ചിതറിക്കിടക്കുന്ന ചില മൃതദേഹങ്ങളും തകർന്ന ബസും കാണാമായിരുന്നു. രക്ഷാപ്രവർത്തനത്തിൽ സഹായിക്കാനായി നാട്ടുകാരും ഒപ്പം ആംബുലൻസുകളും സജീവമാണ്. സൈന്യവും അർദ്ധസൈനിക വിഭാഗവും സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. ഈ സംഭവം മേഖലയിൽ അക്രമം ഗണ്യമായി വർധിക്കുന്നതിനെയാണ് അടയാളപ്പെടുത്തുന്നത്. അയൽ പ്രദേശങ്ങളായ രജൗരി, പൂഞ്ച് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ റിയാസി ജില്ലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ താരതമ്യേന കുറവായിരുന്നു.