ഒമാനിൽ ഇനി പുതിയ വിമാനത്താവളങ്ങൾ

Share

ഒമാൻ: രാജ്യത്ത് പുതിയ ആറ് വിമാനത്താവളങ്ങൾ കൂടി നിർമ്മിക്കാനൊരുങ്ങി ഒമാൻ. റിയാദിൽ നടക്കുന്ന ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ സംസാരിക്കവെ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനായ നായിഫ് അൽ അബ്രിയാണ് ഇക്കാര്യം അറിയിച്ചത്.
2028-29 വർഷത്തോടെ പുതിയ വിമാനത്താവളങ്ങൾ പ്രവർത്തനക്ഷമമാകുമെന്നും ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ വിമാനത്താവളങ്ങള്‍ പൂർത്തിയാകുന്നതോടെ ഒമാനിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണം 2040 ഓടെ 17 ദശലക്ഷത്തില്‍ നിന്ന് 50 ദശലക്ഷമായി വർധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2028 രണ്ടാം പകുതിയോടെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന മുസന്ദം വിമാനത്താവളത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ബോയിങ് 737, എയർ 320 തുടങ്ങിയ ഇടത്തരം വാണിജ്യ വിമാനങ്ങൾ കൈകാര്യം ചെയ്യാൻ വിമാനത്താവളം സജ്ജമാകുമെന്നും നായിഫ് അല് അബ്രി പറഞ്ഞു. പ്രതിവർഷം 20 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന പുതിയ ടെർമിനല്‍ മസ്കത്ത് വിമാനത്താവളത്തില്‍ 2018 ല്‍ തുറന്നിരുന്നു. സലാലയിലും പുതിയ ടെർമിനല്‍ യാഥാർഥ്യമായി. ഇവിടെ പ്രതിവർഷം രണ്ട് ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്നുണ്ട്. ഇതിനുപുറമെ ദുകമിലും സുഹാറിലും പുതിയ വിമാനത്താവളങ്ങളും സുല്‍ത്താനേറ്റ് യാഥാർഥ്യമാക്കി.