കണ്ണൂർ: ജീവനക്കാർ സമരം പിൻവലിച്ചിട്ടും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സർവീസുകൾ റദ്ദാക്കുന്നത് തുടരുന്നു. ഇന്ന് കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കി. പുലര്‍ച്ചെ 5:15 ന് പുറപ്പെടേണ്ട ദമാം, രാവിലെ 9:20 നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. ഇന്നലെയും 75 വിമാന സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിരുന്നു.
വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ നേരത്തെ അറിയിച്ചിരുന്നതിനാൽ യാത്രക്കാർ ആരും തന്നെ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. നിലവിൽ ജീവനക്കാർ സമരം പിൻവലിച്ചെങ്കിലും, സർവീസുകൾ പഴയതുപോലെയാകാൻ ഞായറാഴ്ചയാകുമെന്നാണ് റിപ്പോർട്ട്. ഇന്ന് 50 സർവീസുകൾ വരെ മുടങ്ങാൻ സാധ്യതയുണ്ട്. തിങ്കളാഴ്ചയോടെ സർവീസുകൾ പൂർണ്ണമായും പൂർവസ്ഥിതിയിലേക്കെത്തും.
റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചു വാങ്ങുകയോ ലഭ്യമായ മറ്റൊരു ദിവസത്തേക്കു ബുക്കിങ് മാറ്റുകയോ ചെയ്യാമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ മിന്നൽ സമരം മൂലം 30 കോടി രൂപ കമ്പനിക്കു നഷ്ടമുണ്ടായതായാണു വിവരം. നഷ്ടത്തെക്കുറിച്ച് എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വ്യാഴാഴ്ച 85 വിമാന സർവീസുകളായിരുന്നു എയർ ഇന്ത്യയ്ക്ക് റദ്ദാക്കേണ്ടി വന്നത്.