ഇന്ത്യൻ സുഗന്ധവ്യഞ്ജന ബ്രാന്‍ഡുകളില്‍ മാരക കീടനാശിനികള്‍ കണ്ടെത്തി

Share

ദുബായ്: ചില ജനപ്രിയ സുഗന്ധവ്യഞ്ജന ബ്രാന്‍ഡുകളില്‍ അപകടകരമായ അളവില്‍ മാരക കീടനാശിനികള്‍ കണ്ടെത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദുബായ് വിപണിയിലെയും സംശയാസ്പദമായ ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ചില ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളില്‍ അര്‍ബുദത്തിന് കാരണമാവുന്ന കീടനാശിനികള്‍ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ അളവില്‍ അടങ്ങിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതേക്കുറിച്ചുള്ള അന്വേഷണങ്ങള്‍ നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു. ഖ
അതേസമയം, രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യവസ്തുക്കളിലും മുനിസിപ്പാലിറ്റി നടത്തുന്ന പതിവ് ഗുണനിലവാര പരിശോധനയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. ഏതായാലും ആഗോള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തുകയും റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അവ തിരിച്ചുവിളിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കിയത്. ചില ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ബ്രാന്‍ഡുകളില്‍ അനുവദനീയമായ അളവിലും കൂടുതലായി എഥിലീന്‍ ഓക്‌സൈഡിന്റെ അംശം അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ നടപടി. ഈ പദാര്‍ത്ഥം മിതമായ അളവില്‍ അനുവദനീയമാണെങ്കിലും അളവ് കൂടിയാല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇത് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.