പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകും. മേയ് 26 നാണ് ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്. ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും.
മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടത്തുന്നത്. ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.
ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകുന്നതാണ്.
നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.