തൃശൂർ: തൃശ്ശൂരിലെ ലൂർദ് പള്ളിയിൽ നടൻ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വർണത്തിൻ്റെ അളവ് ശാസ്ത്രീയമായി പരിശോധിക്കാനൊരുങ്ങി ലൂർദ് പള്ളി ട്രസ്റ്റ്. പള്ളി വികാരിയും, ട്രസ്റ്റിമാരും ചേര്‍ന്ന സമിതിയാണ് പരിശോധനാ ചുമതല ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ നടന്ന പാരിഷ് കൗൺസിൽ യോഗത്തിൽ പ്രതിഷേധം ഉയർത്തിയതോടെയാണ് ഞായറാഴ്ച ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ തീരുമാനിക്കുകയായിരുന്നു.
പരിശോധനാ ഫലം പള്ളി വികാരി പാരിഷ് കൗൺസിലിനെ അറിയിക്കണമെന്നും തീരുമാനമായി. കഴിഞ്ഞ ജനുവരി 15നാണ് സുരേഷ് ഗോപി പള്ളിയിൽ കിരീടം സമര്‍പ്പിച്ചത്. ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണ് കിരീടമെന്ന സംശയം കത്തീഡ്രല്‍ പാരീഷ് കൗണ്‍സിലിലെ ഭൂരിഭാഗം അംഗങ്ങൾ ഉന്നയിച്ചിരുന്നു. കത്തീഡ്രല്‍ വികാരി ഫാ.ഡേവീസ് പുലിക്കോട്ടിലിന്റെ സാന്നിധ്യത്തിലാണ് സുരേഷ് ഗോപിയും കുടുംബവും പള്ളിയിൽ എത്തി കിരീടം സമര്‍പ്പിച്ചത്. സ്വർണ്ണ കിരീടം ആണെന്നാണ് നിലവിൽ വാർത്ത പരന്നിട്ടുള്ളത്. എന്നാൽ വരുംവർഷങ്ങളിൽ ചുമതലയേൽക്കുന്ന പുതിയ ഭരണസമിതികൾ കിരീടം പരിശോധിക്കുകയും സ്വർണ്ണത്തിൽ നിർമ്മിച്ചതല്ലെന്ന് തെളിയുകയും ചെയ്താൽ ഇപ്പോഴത്തെ ഭരണസമിതി പ്രതിക്കൂട്ടിൽ ആകുമെന്ന കാര്യം അംഗങ്ങൾ ബോധ്യപ്പെടുത്തിയതോടെയാണ് കിരീടം പരോശോധിക്കാൻ തീരുമാനമായത്.