പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പ്

Share

തൃശൂർ: തൃശൂരിൽ പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പ്. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന മിനർവ എന്ന സ്ഥാപനത്തിൽ തട്ടിപ്പ് നടന്നതായാണ് പരാതി. പാരാ മെഡിക്കൽ കോഴ്സ് പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് ഉൾപ്പെടെ സ്ഥാപനം തടഞ്ഞു വെച്ചതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് വിദ്യാർത്ഥികൾ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തു.
മിനര്‍വ അക്കാദമി സ്കില്‍ ആൻഡ് പ്രൊഫണല്‍ സ്റ്റഡീസ് എന്നപേരിലാണ് 50,000 മുതല്‍ 6 ലക്ഷം വരെ ഫീസ് വാങ്ങി പാരാ മെഡിക്കൽ കോഴ്സുകൾ നടത്തിയിരുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴിൽ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് മനസ്സിലാക്കിയതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി സ്ഥാപനം പൂട്ടിയതോടെ വിദ്യാർത്ഥികൾ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് എത്തി. വ്യാജ സെർട്ടിഫിക്കറ്റും, പഠനത്തിന്റെ പേരിലും നടത്തുന്ന ഇത്തരം തട്ടിപ്പിനെതിരെ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.