ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ വിപുലീകരിക്കുന്നു. റെയിൽവേ സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റുന്ന അമൃത് ഭാരത് സ്റ്റേഷൻ യോജന പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്ന 553 റെയിൽവേ സ്റ്റേഷനുകളുടെ നിർമാണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിച്ചു. 41,000 കോടി ചെലിവിൽ 2000 റെയിൽവേ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഓൺലൈനായി നിർവഹിച്ചത്. കേരളത്തിലെ 35 സ്റ്റേഷനുകളും ഇതിലുൾപ്പെടുന്നുണ്ട്. കേരളത്തിൽ കണ്ണൂർ, തലശേരി, ഫറോക്ക്, തൃശൂർ, ഗുരുവായൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനികളിലെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 31.34 കോടി രൂപയുടെ വികവ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. നടപ്പാലം, ലിഫ്റ്റ്, എസ്കലേറ്റർ എന്നിവയ്ക്ക് 13.77 കോടി രൂപയും സ്റ്റേഷൻ പരിസരത്തു പാർക്കിങ് സൗകര്യവും കിഴക്കേ കവാടത്തിൽ പുതിയ ബുക്കിങ് ഓഫീസ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ 17.57 കോടി രൂപയുമാണ് അനുവദിച്ചത്.
റെയിൽവേ സ്റ്റേഷനുകളിലെ മേൽപ്പാലങ്ങൾ, അടിപ്പാതകൾ, ലിഫ്റ്റ്, എസ്കലേറ്റർ തുടങ്ങിയവയുടെ നിർമാണമാണ് പദ്ധതിയിലൂടെ നടത്തുന്നത്. റെയിൽവേ സ്റ്റേഷനുകളുടെ വികസനമാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തന്നെയാണ് പ്രാഥമിക ലക്ഷ്യം. വെയ്റ്റിങ് ഹാളുകൾ, ശൗചാലയങ്ങൾ സൗജന്യ വൈഫൈ തുടങ്ങിയവയും അമൃത് ഭാരത് സ്റ്റേഷനുകളിലുണ്ടാകും. കേരളത്തിൽ ഒട്ടാകെ 35 റെയിൽവേ സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കണ്ണൂർ, കാസർകോട്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജങ്ഷൻ, തലശേരി, തിരുവനന്തപുരം, തൃശൂർ, തിരൂർ, തിരുവല്ല, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കാഞ്ചേരി.