ന്യൂഡൽഹി: രാജ്യത്ത് ഏറെ വിവാദ ചർച്ചാ വിഷയമായ ഒന്നാണ് അക്ബർ, സീത സിംഹങ്ങളെ മാറ്റിപാർപ്പിക്കുന്ന വാർത്ത. സിംഹങ്ങള്‍ക്ക് ദൈവങ്ങളുടെ പേരിട്ടത് മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ചൂണ്ടികാട്ടി വിഎച്ച്പി കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഏറെ വിവാദമാവാനുള്ള കാരണം. ഇതിനു പിന്നാലെയാണ് നടപടി. ഹര്‍ജിയില്‍ വിവാദം ഉയര്‍ന്നതോടെ കൊല്‍ക്കത്ത ഹൈക്കോടതി സിംഹങ്ങളുടെ പേര് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ സിംഹങ്ങള്‍ക്ക് സീത, അക്ബര്‍ എന്ന് പേരിട്ട ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ത്രിപുര സര്‍ക്കാര്‍. വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പ്രബിന്‍ ലാല്‍ അഗര്‍വാളിനെ ആണ് സർക്കാർ സസ്‌പെൻഡ് ചെയ്തത്. സിംഹങ്ങളെ സിലിഗുരിയിലേക്ക് അയയ്ക്കുമ്പോള്‍ ഇദ്ദേഹമാണ് രജിസ്റ്ററില്‍ സിംഹങ്ങളുടെ പേര് സീത, അക്ബര്‍ എന്ന് രേഖപ്പെടുത്തിയതെന്നാണ് വിവരം. 1994 ബാച്ച് ഐഎഫ്എസ് ഓഫീസറായ അഗര്‍വാള്‍ പിന്നീട് ത്രിപുര ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനായി ചുമതലയേല്‍ക്കുകയായിരുന്നു.