മെഡിക്കൽ പരീക്ഷയ്ക്ക് തെയ്യാറെടുക്കുന്നവർക്ക് ആശ്വാസ വാർത്ത; വിദേശരാജ്യങ്ങളിലും ടെസ്റ്റിംഗ് സെൻ്ററുകൾ ഉൾപ്പെടുത്തും

Share

യുഎഇ: മെഡിക്കൽ പരീക്ഷയ്ക്കായി ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിരവധി വിദേശ ടെസ്റ്റിംഗ് സെൻ്ററുകൾ ഉൾപ്പെടുത്തുമെന്ന് ഇന്ത്യയുടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. യുഎഇയിലെ ഇന്ത്യൻ രക്ഷിതാക്കൾക്ക് ഏറെ ആശ്വാസകരമായ വാർത്തയാണ് ഈ പുതിയ തീരുമാനം.
ചൊവ്വാഴ്ച ഒരു ട്വീറ്റിൽ, എൻടിഎ 2024 ലെ അണ്ടർ ഗ്രാജ്വേറ്റ്‌സിനായുള്ള നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്-യുജി) 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിൽ നടക്കുമെന്ന് വെളിപ്പെടുത്തി.
മെഡിക്കൽ ടെസ്റ്റിനായി ഇന്ത്യയിലേക്കുള്ള യാത്ര പരീക്ഷയ്ക്ക് തെയ്യാറെടുക്കുന്ന കുട്ടികളുടെ പ്രകടനത്തെ ബാധിക്കുമെന്ന് പല രക്ഷിതാക്കളും ഭയപ്പെട്ടിരുന്നു. മാത്രമല്ല രക്ഷിതാക്കൾക്ക് ജോലിയിൽ നിന്ന് അവധിയെടുക്കേണ്ടിവരുന്നതും, വിമാന ടിക്കറ്റുകൾ ബുക്ക് ചെയുന്നത് പ്രതിമാസ ബഡ്ജറ്റിനെ ബാധിക്കുമെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്.
2021-ൽ, നീറ്റ്-യുജി പരീക്ഷകൾക്കായി ഇന്ത്യ ആദ്യമായി അന്താരാഷ്ട്ര കേന്ദ്രങ്ങൾ തുറന്നിരുന്നു. കോവിഡ് -19 പാൻഡെമിക് സമയത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ഇന്ത്യയിലേക്ക് പോകാൻ കഴിയാത്തതിനെ തുടർന്നായിരുന്നു നടപടി.
അതേസമയം ബഹ്‌റൈനില്‍ മനാമയിലാണ് നീറ്റ് പരീക്ഷാ കേന്ദ്രമുള്ളത്. യുഎഇയില്‍ നേരത്തെയുള്ള കേന്ദ്രങ്ങളായ ദുബായ്, അബുദബി, ഷാര്‍ജ നഗരങ്ങളില്‍ പരീക്ഷക്ക് അപേക്ഷിക്കാം. ഖത്തര്‍ (ദോഹ), കുവൈറ്റ് (കുവൈറ്റ് സിറ്റി), ഒമാന്‍ (മസ്‌കറ്റ്), സൗദി അറേബ്യ (റിയാദ്) എന്നീ ഗള്‍ഫ് രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തായ്ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, മലേഷ്യ, നൈജീരിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമുണ്ട്.
ഇതിനകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് അവസരമുണ്ട്. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് ഇന്ത്യയിലുടനീളമുള്ള 554 കേന്ദ്രങ്ങളിലൊന്നാണ് തെരഞ്ഞെടുക്കാനാണ് ഓപ്ഷന്‍ ലഭിച്ചിരുന്നത്. ഫീസ് അടച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാര്‍ച്ച് ഒമ്പതിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ അവസാനിച്ച ശേഷം അപേക്ഷകളില്‍ തിരുത്തല്‍ അനുവദിക്കും. ഈ ഘട്ടത്തില്‍ വിദേശത്തുള്ള സെന്ററുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.