കോവിഡ് മൂലം രോഗലക്ഷണങ്ങള്‍ വർധിക്കുന്നത് ഇന്ത്യക്കാരിൽ

Share

ന്യൂഡൽഹി: കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച ഇന്ത്യക്കാരില്‍ ഭൂരിഭാഗം പേരിലും ശ്വാസകോശത്തിൻ്റെ പ്രവർത്തനം കുറയുകയും, രോഗലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്യുന്നുവെന്ന് പഠനം. കോവിഡ് വൈറസിന്റെ (SARS-CoV-2) ആഘാതം മൂലം ശ്വാസകോശത്തിന്റെ പ്രവർത്തനം അറിയാൻകഴിയുന്ന രാജ്യത്തെ ഏറ്റവും വലിയ പഠനത്തിൽ 207 വ്യക്തികളെയാണ് പഠന വിധേയമാക്കിയത്. യൂറോപ്യൻ ജനതയെയും, ചൈനക്കാരെയും അപേക്ഷിച്ച്‌ ഇന്ത്യക്കാർക്ക് ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തിന് കൂടുതല്‍ തകരാറുണ്ടെന്നാണ് ഗവേഷണം ചൂണ്ടിക്കാട്ടുന്നത്.
ചില ആളുകള്‍ക്ക് സാധാരണ നിലയിലേക്ക് മടങ്ങാൻ ഒരു വർഷമെടുക്കുമെന്നതായും മറ്റ് ചിലർക്ക് ജീവിതകാലം മുഴുവൻ ശ്വാസകോശം തകരാറിലായേക്കാമെന്നും പഠനം പറയുന്നു. ചൈനക്കാരെയും യൂറോപ്യന്മാരെയും അപേക്ഷിച്ച്‌ കൂടുതല്‍ ഇന്ത്യക്കാർക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മഹാമാരിയുടെ ആദ്യ തരംഗത്തില്‍ നടത്തിയ പഠനം പി എല്‍ ഒ എസ് (PLOS) ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്ത് ജേണലില്‍ കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. രണ്ട് മാസത്തിലേറെയായി സുഖം പ്രാപിച്ച ശേഷം, സൗമ്യവും മിതമായതും കഠിനവുമായ കോവിഡ് ബാധിച്ച രോഗികളില്‍ ശ്വാസകോശ പ്രവർത്തന പരിശോധന, രക്തപരിശോധന, ജീവിത നിലവാരം വിലയിരുത്തല്‍ എന്നിവ നടത്തിയിരുന്നു.