തീർത്ഥാടകർക്കായി ഹജ്ജ് സീസണ്‍ ആരംഭിച്ചു; സുരക്ഷാ നടപടികൾ സ്വീകരിച്ചുവെന്ന് സൗദി ഭരണകൂടം

Share

ജിദ്ദ: ഹജ്ജ് സീസണ്‍ ആരംഭിച്ചതോടെ ഈ വര്‍ഷത്തെ ഹജ്ജ് വിസകള്‍ മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 29 വരെ ഇഷ്യു ചെയ്യുമെന്ന് സൗദി അധികൃതര്‍. വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനാണ് സൗദി ഭരണകൂടം ഒരുങ്ങുന്നത്. ജൂണിലാണ് ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുക.
ഹജ്ജ് സീസണ്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും, സുരക്ഷാ നടപടികള്‍ സ്വീകരിച്ചതായും ജിദ്ദയില്‍ നടന്ന നാല് ദിവസത്തെ ഹജ്ജ്-ഉംറ സേവന സമ്മേളന-പ്രദര്‍ശന പരിപാടിയില്‍ ഹജ്ജ്- ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ വിശദീകരിച്ചു. പരിപാടിയിൽ ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ക്കായി സൗദി അറേബ്യ ഒരുക്കിയ നൂതന സേവന പദ്ധതികളെ കുറിച്ചും പരിചയപ്പെടുത്തി. സുരക്ഷാ വിഭാഗങ്ങളുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ സുഗമവും സുരക്ഷിതവുമായ രീതിയിലാണ് ഹജ്ജ് തീർത്ഥാടന കേന്ദ്രത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്.
ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്ന മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മക്ക മുനിസിപ്പാലിറ്റി തുടക്കമിട്ടിട്ടുണ്ട്. ഹജ്ജിന് മാത്രം ജനങ്ങള്‍ എത്തുകയും അല്ലാത്ത സമയത്തെല്ലാം വിജനമായി കിടക്കുകയും ചെയ്യുന്ന പ്രദേശങ്ങള്‍ വൃത്തിയാക്കി അണുനശീകരണ ലായനികള്‍ തളിക്കാനും തെരുവ് മൃഗങ്ങളെ മാറ്റാനും തുടങ്ങിയതായി മക്ക മുനിസിപ്പാലിറ്റി അറിയിച്ചു.