യു എ ഇ യിൽ 50 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ എം.എ യൂസഫലിയുടെ ആദരവായി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയക്ക് അപേക്ഷ ക്ഷണിച്ചു. ഡോ. ഷംഷീറിന്റെ ഉടമസ്ഥയിലുള്ള വിപിഎസ് ഹെൽത്ത് കെയറാണ് അപേക്ഷ ക്ഷണിച്ചത്. ഗോൾഡൻ ഹാർട്ട് ഇനീഷ്യേറ്റീവിന്റെ ഭാഗമായി ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികൾക്കാണ് സൗജന്യ ശസ്ത്രക്രിയ നടത്തുന്നത്.
അർഹരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് hope@vpshealth.com എന്ന ഇമെയിലിൽ ആവശ്യമായ മെഡിക്കൽ റിപ്പോർട്ടും അനുബന്ധ രേഖകളും സഹിതം അപേക്ഷിക്കാം. ഡോ. ഷംഷീറിന്റെ ഇന്ത്യയിലെയും യു എ ഇ ലെയും ഒമാനിലെയും ആശുപത്രികളിലൂടെയാണ് സൗജന്യ സർജറി നടപ്പാക്കുന്നത്.
ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനായ എം.എ. യൂസഫലിയുടെ യു.എ.ഇയിലെ ശ്രദ്ധേയമായ 50 വർഷത്തെ സാന്നിധ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡോ. ഷംഷീർ ഗോൾഡൻ ഹാർട്ട് ഉദ്യമം പ്രഖ്യാപിച്ചിരുന്നത്. കുട്ടികളിലെ ജന്മനാലുള്ള ഹൃദ്രോഗത്തിന് ശസ്ത്രക്രിയ നടത്താൻ ഭാരിച്ച ചിലവ് വരുന്നതിനാൽ പ്രതിസന്ധി നേരിടുന്ന നിർധന കുടുംബങ്ങൾക്ക് പ്രതീക്ഷയും കൈത്താങ്ങുമാകും പുതിയ സംരംഭം.