തമിഴ്‌നാടിന്റെ പുരട്ചി കലൈഞ്ജര്‍ വിടവാങ്ങി

Share

ചെന്നൈ: തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ഇന്ന് രാവിലെ ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ആശുപത്രി അധികൃതർ വിയോഗവിവരം അറിയിക്കുകയായിരുന്നു.
എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ നടനാണ് വിജയകാന്ത്. 154 ചിത്രങ്ങളിൽ അഭിനയിക്കുകയും; നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ തിളങ്ങി നിന്ന വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ദേശീയ മുർ‌പോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവായിരുന്ന അദ്ദേഹം രണ്ടുതവണ തമിഴ്നാട് നിയമസഭാംഗമായിരുന്നു.
കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.
2001 ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി അവാർഡ്, 1989 ചെന്ദൂര പൂവേ എന്ന ചിത്രത്തിന് മികച്ച നടനുള്ള അവാർഡ്, 1988 ൽ മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഭാര്യ പ്രേമലത. മക്കൾ ഷണ്‍മുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.