ന്യൂഡൽഹി: ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി കായിക ലോകം രംഗത്ത്. എന്നാൽ പ്രതിഷേധത്തിൽ പ്രതികരിക്കാതെ കേന്ദ്രസര്‍ക്കാര്‍. താരങ്ങളെ പിന്തുണച്ച് കൂടുതൽ പേർ രംഗത്ത് വന്നതോടെ കേന്ദ്രം ആശങ്കയിലാണ്. അതേസമയം രാഹുൽ ഗാന്ധി ഹരിയാനയിൽ ബജരംഗ് പുനിയായുമായി കൂടി കാഴ്ച നടത്തി. എന്നാൽ വിഷയത്തിൽ കേന്ദ്ര കായികമന്ത്രി ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ബ്രിജ് ഭൂഷനെ പിന്തുണക്കുന്നവർ ഗുസ്തി ഫെഡറേഷനില്‍ തുടരില്ലെന്ന ഉറപ്പ് കേന്ദ്രസർക്കാർ പാലിച്ചില്ലെന്നാണ് താരങ്ങൾ ആരോപിക്കുന്നത്. കൂടാതെ ഇരുവരെയും പൂര്‍ണമായി തള്ളി നിലവിലെ ഫെഡറേഷന്‍ അധ്യക്ഷനായ സഞ്ജയ് കുമാര്‍ സിങ് രംഗത്തെത്തുകയും, അത്‌ലറ്റുകള്‍ ഗുസ്തിക്കായി തയാറെടുക്കുന്നുണ്ടെന്നും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടവര്‍ക്ക് അതാകാമെന്നും അറിയിച്ചു.
അതേസമയം ഗുസ്തി ഫെഡറേഷന് പുതിയ അഡ്-ഹോക്ക് കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്. ഭൂപേന്ദ്ര സിംഗ് ബജ്വയാണ് അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ്.
ഗുസ്തി ഫെഡറേഷന്റെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെ നടപടിക്രമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ കമ്മിറ്റി രൂപീകരിച്ചത്. മത്സരങ്ങളുടെ സംഘാടനം, അത്ലറ്റ് സെലക്ഷന്‍, അത്ലറ്റുകള്‍ക്ക് അന്താരാഷ്ട്ര ഇവന്റുകളില്‍ പങ്കെടുക്കാനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കല്‍, മറ്റ് അനുബന്ധ ഉത്തരവാദിത്തങ്ങളാണ് ഈ കമ്മിറ്റി കൈകാര്യം ചെയ്യുക.