ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിദേശ പഠനത്തിനായി പോകുന്ന രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. 2022 ലെ കണക്ക് പ്രകാരം 3,19,000 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇവിടെ ഉപരിപഠനം നടത്തുന്നത്. ഉയര്‍ന്ന ജീവിത നിലവാരവും കുറഞ്ഞ പഠനചെലവുമാണ് ഇവിടേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്. നിലവില്‍ കാനഡയിലെ മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം 8,07,750 ആയിട്ടുണ്ട്. ഇനിയും കാനഡയിലേക്ക് കുടിയേറാനായി കൂടുതല്‍ ആളുകള്‍ കാത്തിരിക്കുകയാണ്. എന്നാല്‍ കാനഡയില്‍ പഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കനത്ത തിരിച്ചടി ആയിരിക്കുകയാണ് ഇപ്പോള്‍.
കാനഡയില്‍ കുടിയേറുന്നവരുടെ ജീവിതചെലവിന് കെട്ടിവയ്ക്കുന്ന തുക ഇരട്ടിയാക്കി സര്‍ക്കാര്‍. 10,000 കനേഡിയന്‍ ഡോളര്‍ (ഏകദേശം ആറു ലക്ഷം രൂപ) ആയിരുന്ന തുക 20,635 ഡോളറായാണ് (12.66 ലക്ഷം രൂപ) വര്‍ധിപ്പിച്ചത്. കുടിയേറ്റകാര്യ മന്ത്രി മാര്‍ക്ക് മില്ലറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജനുവരി ഒന്ന് മുതല്‍ ഈ തുക അടയ്‌ക്കേണ്ടി വരുമെന്നാണ് മന്ത്രി അറിയിച്ചത്. വിദേശ വിദ്യാര്‍ഥികളുടെ ഒഴുക്ക് തടയാനാണ് ഫീസുയര്‍ത്തിയതെന്നും, രാജ്യത്തെ ജീവിതച്ചെലവുകളുടെ സ്ഥിതിവിവര കണക്കനുസരിച്ച് ഓരോ വര്‍ഷവും തുക ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കൂടാതെ ചില കോളജുകള്‍ പേരിന് വിദ്യാഭ്യാസം നല്‍കി രാജ്യത്ത് ജോലി ചെയ്യാനും ഒടുവില്‍ കുടിയേറാനും അവസരം നല്‍കുന്നുവെന്ന വിമര്‍ശനം വ്യാപകമായതിനാല്‍ നിയമപരമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടുമെന്നും, ഇത്തരം വഞ്ചനയും ദുരുപയോഗവും അവസാനിപ്പിക്കേണ്ടതുണ്ടെന്നും കുടിയേറ്റ മന്ത്രി മില്ലര്‍ വ്യക്തമാക്കി. അതേസമയം കനേഡിയന്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. ഐഇഎല്‍ടിഎസ് പരീക്ഷകളുടെ കോളേജ് ഫീസ്, ഉയര്‍ന്ന വാടക എന്നിങ്ങനെയുള്ള കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളാണ് വിദ്യാര്‍ത്ഥികള്‍ നേരിടുന്നത് അതിനാല്‍ . ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിന് പകരം വിദ്യാര്‍ത്ഥികളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. ജനുവരി ഒന്നുമുതല്‍ തുക വര്‍ധിപ്പിക്കുന്നതിനാല്‍ ഡിസംബര്‍ 31നകം വിസ ശരിയാക്കാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കള്‍.