ദുബായ്: യു.എ.ഇ എന്ന ആംഗലേയ ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ‘യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്’ നാളിതുവരെയുള്ള ചരിത്രവഴിയില്‍ 52 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ലോക ഭൂപടത്തില്‍ സുവര്‍ണ ശോഭയോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. രാജ്യം പിറവിയെടുത്തതിന്റെ 52-ാം ജന്‍മദിനം ആഘോഷിക്കുന്ന ധന്യവേളയില്‍ അത്ഭുതക്കാഴ്ചകളും സ്വപ്ന നേട്ടങ്ങളും മാത്രം ലോകത്തിന് സമ്മാനിച്ച യു.എ.ഇ-യുടെ പടിപടിയായുള്ള വളര്‍ച്ചയുടെ നാള്‍വഴികളും ഈ സുദിനത്തില്‍ സുവര്‍ണ ലിപികളാല്‍ ലോക ചരിത്രത്തില്‍ എഴുതപ്പെട്ട് കഴിഞ്ഞു. ഓരോ നിര്‍ണായക ഘട്ടത്തിലും രാജ്യത്തെ മുന്നോട്ടു നയിച്ച മുന്‍ഗാമികളുടെ ത്യാഗോജ്ജ്വലമായ ജീവിതത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഫലമായാണ് വെറുമൊരു മണല്‍ കൂമ്പാരമായിരുന്ന ഈ കൊച്ചു ദേശത്തെ, ജീവിത സ്വപ്നങ്ങളുടെ വിളനിലമാക്കി മാറ്റി ഇവിടെ പൊന്നു വിളയിച്ച് ലക്ഷോപലക്ഷം പ്രവാസികളുടെ ഇഷ്ടദേശവും ഇഷ്ട ഭവനവുമായി മാറ്റിയത്.
ഭരണതന്ത്രജ്ഞനും വിശാലഹൃദയനുമായ അബുദബിയുടെ മുന്‍ ഭരണാധികാരിയും ആധുനിക യു.എ.ഇ-യുടെ രാഷ്ട്രപിതാവുമായ ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നാഹ്യാന്റെ സവിശേഷമായ ഉള്‍ക്കാഴ്ചയും ദീര്‍ഘവീക്ഷണവുമാണ് ഈ രാജ്യത്തിന്റെ പിറവിയെടുക്കലിലൂടെ അടയാളപ്പെടുത്തുന്നത്. 1971-ഡിസംബര്‍ 2-ലാണ് ലോകം ആ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചത്. ട്രൂഷ്യല്‍ സ്റ്റേറ്റ്‌സ് എന്ന് അറിയപ്പെട്ടിരുന്ന നാട്ടുരാജ്യങ്ങളുടെ ഘടനയില്‍ നിലകൊണ്ടിരുന്ന അബുദബിയും ദുബൈയും ഷാര്‍ജയും ഫുജൈറയും അജ്മാനും ഉം അല്‍ ഖുവൈനും അടക്കമുള്ള എമിറേറ്റുകള്‍ ഒന്നായി അണിനിരക്കുകയും തൊട്ടുപിന്നാലെ നിശ്ചയദാര്‍ഢ്യത്തോടെ റാസ് അല്‍ ഖൈമയും കൈകോര്‍ത്ത് അങ്ങനെ ഏഴ് എമിറേറ്റുകളുടെ ഉള്‍ക്കരുത്തോടെയാണ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നായ യു.എ.ഇ യാഥാര്‍ത്ഥ്യമാകുന്നത്. അങ്ങനെ പരസ്പരം കൈകോര്‍ത്തും സഹായിച്ചും തോളോടുതോള്‍ ചേര്‍ന്നും ഓരോ എമിറേറ്റും മാല്‍സര്യ ബുദ്ധിയോടെ മുന്നേറിയപ്പോള്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തവും ലോകത്തെ ഏറ്റവും ശ്രദ്ദേയവുമായ രാജ്യമായി മാറാന്‍ ചുരുക്കം ചില വര്‍ഷങ്ങള്‍ കൊണ്ട് തന്നെ യു.എ.ഇ-ക്ക് കഴിഞ്ഞു. അതുകൊണ്ടാണ് ഈ 52 വര്‍ഷത്തെ ജൈത്രയാത്രയ്ക്കിടയില്‍ 196-ലധികം രാജ്യക്കാരുടെ അത്താണിയായി മാറാനും അവരുടെ ‘പോറ്റമ്മ’ എന്ന അന്വര്‍ത്ഥമായ പദവിയിലേക്ക് ഉയരാനും യു.എ.ഇ-ക്ക് കഴിഞ്ഞത്.
വികസനത്തിന്റെ പാതയില്‍ ഇന്ന് ഈ കൊച്ചു രാജ്യത്തിന്റെ കണ്ണും കരവും ചെന്നെത്താത്ത മേഖലകളില്ലെന്ന് കാലം ആവര്‍ത്തിച്ച് തെളിയിച്ചു കൊണ്ടേയിരിക്കുന്നു.. ബഹിരാകാശം, ഊര്‍ജ്ജോല്‍പാദനം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം, ശാസ്ത്ര സാങ്കേതികം, പ്രതിരോധം, ജീവകാരുണ്യം.. അങ്ങനെ തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുന്ന യു.എ.ഇ-യുടെ മാന്ത്രിക സ്പര്‍ശം ഇന്ന് ലോക രാഷ്ട്രങ്ങള്‍ക്കും പാഠപുസ്തകമാണ്. യു.എ.ഇ-യുടെ ദേശീയ ദിനം ലോകജനതക്കും കൂടി അവകാശപ്പെട്ടതാണെന്നത് ചരിത്ര സത്യമാണ്. യുണസ്‌കോയുടെ നേതൃത്വത്തില്‍ യു.എ.ഇ-യുടെ ദേശീയ ദിനം അന്താരാഷ്ട്ര ഭാവിദിനമായി ആചരിക്കുന്നു എന്ന അപൂര്‍വനേട്ടവും രാജ്യത്തിന് മുതല്‍ക്കൂട്ടാണ്. യു.എ.ഇ.യുടെ കഴിഞ്ഞ വര്‍ഷങ്ങളിലെ ആഗോള ഇടപെലിനും സാമ്പത്തിക, വ്യാവസായിക, സാമൂഹിക മാറ്റങ്ങള്‍ നടപ്പാക്കുന്നതിലെ അസാധാരണമായ ശ്രമങ്ങള്‍ക്കുമുള്ള ആദരവിന്റെ അടയാളപ്പെടുത്തലാണ് ഈ അന്തര്‍ദേശീയ അംഗീകാരം.
രോഗദുരിതങ്ങളും അര്‍ദ്ധപട്ടിണിയും യുദ്ധക്കെടുതികള്‍ കൊണ്ടും ജീവിതം വഴിമുട്ടിയ ലക്ഷക്കണക്കിന് പേരിലേക്കാണ് അന്നമായും മരുന്നായും സാമ്പത്തികമായും ഈ രാജ്യത്തിന്റെ സഹായഹസ്തമെത്തുന്നത്. യു.എ.ഇ-യെ മറ്റ് ലോക രാഷ്ട്രങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതും ജീവകാരുണ്യമേഖലയിലെ ഈ അടയാളപ്പെടുത്തലാണ്. ബഹിരാകാശം കീഴടക്കിയ ആരാധ്യപുരുഷന്‍ ‘സുൽത്താൻ അല്‍ നെയാദിയെ’ ലോകത്തിന് സമ്മാനിച്ചതിന്റെ നേട്ടവും യു.എ.ഇ-യുടെ ഈ 52-ാം വയസിലാണ്. അങ്ങനെ എന്നും നന്‍മകൾ മാത്രം ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്ന യു.എ.ഇ എന്ന നമ്മുടെ സ്വപ്നദേശം, ലോകനെറുകയില്‍ ഒരു സുവര്‍ണ രേഖയായി തിളങ്ങി നില്‍ക്കും.. എന്നും എവിടെയും തലയുയര്‍ത്തി തന്നെ നില്‍ക്കും.. പത്തരമാറ്റിന്റെ തങ്കത്തിളക്കത്തോടെ.. 52-ാം പിറന്നാള്‍ ആഘോഷിക്കുന്ന നമ്മുടെ ‘പോറ്റമ്മ’ നാടിന് Gulf Eye 4 News-ന്റെ ഹൃദയാഭിവാദ്യങ്ങള്‍…