ദുബായ്: യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. നേരത്തെ ദേശീയ ദിനമായ ഡിസംബര്‍ 2 ശനിയാഴ്ചയും അടുത്ത ദിവസം ഞായറാഴ്ചയുമായിരുന്നു പൊതു അവധി. എന്നാല്‍ തിങ്കളാഴ്ച ദിവസം കൂടി അവധി ആയിരിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിററ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കി. ഫലത്തില്‍ ഡിസംബര്‍ 2, 3, 4 (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ ശമ്പളത്തോടെയുള്ള മൂന്ന് ദിവസത്തെ അവധി ലഭിക്കും.
യു.എ.ഇ എന്ന ഐക്യ എമിറേറ്റ്‌സ് രൂപീകൃതമായിട്ട് 2023 ഡിസംബര്‍ 2-ന് 52 വര്‍ഷം തികയുകയാണ്. 1971-ലാണ് അബുദബി, ദുബായ്, ഷാര്‍ജ അടക്കമുള്ള ഏഴ് എമിറേറ്റുകള്‍ ഒരുകുടക്കീഴില്‍ അണിനിരന്ന് യു.എ.ഇ എന്ന ഒറ്റരാജ്യമായി രൂപീകൃതമായത്. ആ ഐക്യം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ 2-ന് യുഎഇ ദേശീയ ദിനമായി ആചരിക്കുന്നത്. യുഎഇ യൂണിയന്‍ ദിനം എന്ന വിശേഷണത്തിലും ദേശീയ ദിനത്തെ അറിയപ്പെടുന്നുണ്ട്. വിപുലമായ പരിപാടികളാണ് രാജ്യത്തുടനീളം അന്നേദിവസം സംഘടിപ്പിക്കുന്നത്.