കൊച്ചി: തിരുവനന്തപുരത്ത് നിന്നും മലേഷ്യയിലേക്ക് പറക്കണോ? അതും കേവലം 4,999 രൂപയ്ക്ക്. എങ്കില്‍ അതിനുള്ള സുവര്‍ണാവസരം ഒരുക്കിയിരിക്കുകയാണ് ബംഗളുരു ആസ്ഥാനമായുള്ള ഇന്തോ-മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യ. ഇന്ന് മുതല്‍ 2024 ഒക്ടോബര്‍ 26 വരെ തിരുവനന്തപുരത്ത് നിന്ന് ക്വാലാലംപൂരിലേക്ക് ഓള്‍ ഇന്‍ വണ്‍വേയില്‍ 4,999 രൂപ മുതലുള്ള നിരക്കുകളാണ് എയര്‍ ഏഷ്യ വാഗ്ദാനം ചെയ്യുന്നത്. ബുക്കിംഗിനും കൂടുതല്‍ വിവരങ്ങളും എയര്‍ ഏഷ്യ സൂപ്പര്‍ ആപ്പില്‍ ലഭ്യമാകും. ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും വിശദാംശങ്ങള്‍ ലഭിക്കും.
നിലവില്‍ ആഭ്യന്തര സര്‍വീസുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന എയര്‍ ഏഷ്യ ആഗോള വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് കൊച്ചിക്കു പുറമേ തിരുവനന്തപുരത്ത് നിന്ന് പുതിയ റൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള എയര്‍ ഏഷ്യയുടെ രണ്ടാമത്തെ നേരിട്ടുള്ള റൂട്ടാണിത്. ആഴ്ചയില്‍ നാല് തവണ നടത്തുന്ന സര്‍വീസ് 2024 ഫെബ്രുവരി 21-ന് ആരംഭിക്കുമെന്നാണ് എയര്‍ ഏഷ്യ അറിയിച്ചിരിക്കുന്നത്.
നിലവില്‍ കൊച്ചിയില്‍ നിന്ന് ക്വാലാലംപൂരിലേക്ക് ആഴ്ചയില്‍ 12 സര്‍വീസുകളാണുള്ളത്. ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് മലേഷ്യയിലേക്ക് ചെന്നൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, കൊച്ചി, ബെംഗളൂരു, കൊല്‍ക്കത്ത വഴി 6 നേരിട്ടുള്ള സര്‍വീസുകളും വടക്കേ ഇന്ത്യന്‍ നഗരങ്ങളായ അമൃത്സര്‍, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ഏഷ്യ 2 നേരിട്ടുള്ള റൂട്ടുകളും മലേഷ്യയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ടൂറിസം വ്യവസായത്തെ പിന്തുണയ്ക്കുന്നതിനും തിരുവനന്തപുരത്തേക്കും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കുമുള്ള വിമാനയാത്ര കൂടുതല്‍ ഉത്തേജിപ്പിക്കുന്നതിനും കേരള സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുവാന്‍ സന്തോഷമുണ്ടെന്ന് എയര്‍ ഏഷ്യ അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ അനുബന്ധ കമ്പനി സ്ഥാപിക്കുന്ന ആദ്യ വിദേശ എയര്‍ലൈനാണ് എയര്‍ ഏഷ്യ.