കോണ്‍ഗ്രസിന് പണികൊടുത്ത് ഇഡി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ 752 കോടിയുടെ ആസ്തി കണ്ടുകെട്ടി

Share

ഡല്‍ഹി: കോണ്‍ഗ്രസിന് ദേശീയടിസ്ഥാനത്തില്‍ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നെഹ്‌റു കുടുംബവുമായി ബന്ധമുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ 752 കോടിയുടെ ആസ്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ബന്ധമുള്ള കമ്പനിയായ യംങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 90 കോടിയുടെ ആസ്തിയും കണ്ടുകെട്ടി. ഡല്‍ഹിയിലെയും മുംബൈയിലെയും നാഷണല്‍ ഹെറാള്‍ഡ് ഹൗസുകള്‍, ലക്നൗവിലെ നെഹ്റു ഭവന്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.

നാഷണല്‍ ഹെറാള്‍ഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഇ.ഡി പറയുന്നു. വഞ്ചന, ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളും പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെതിരെ നിലനില്‍ക്കുന്നുണ്ട്. കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയേയും മുമ്പ് ഇ.ഡി ചോദ്യം ചെയ്ത് വെറുതെ വിട്ടിരുന്നു.

ഒരു സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നാഷണല്‍ ഹെറാള്‍ഡിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. യങ് ഇന്ത്യന്‍ എന്ന സ്ഥാപനം വഴി എജെഎല്ലിന്റെ നൂറുകണക്കിന് കോടികളുടെ സ്വത്തുക്കള്‍ സമ്പാദിക്കാന്‍ പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും കോടതി നിരീക്ഷിച്ചു. പത്രം പ്രസിദ്ധീകരിക്കുന്നതിനായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ എജെഎല്ലിന് ഇളവ് നിരക്കില്‍ ഭൂമി നല്‍കി. 2008-ല്‍ AJL അതിന്റെ പ്രസിദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും വാണിജ്യ ആവശ്യങ്ങള്‍ക്കായി വസ്തുവകകള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്നും ഇഡി പറഞ്ഞു.

അതേസമയം, എ.ജെ.എല്ലിന്റെ സ്ഥാവര സ്വത്തുക്കളൊന്നും ഇഡി കണ്ടുകെട്ടിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി പറഞ്ഞു. ഓരോ സംസ്ഥാനത്തും നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ ചില പരാജയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവാണിതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി-ക്കുവേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി സ്വീകരിച്ച നടപടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സിബിഐയും ആദായനികുതി വകുപ്പും ബിജെപിയുടെ സഖ്യകക്ഷികളാണെന്നും ഇത്തരം പ്രതികാര രാഷ്ട്രീയ പകപോക്കല്‍ തന്ത്രങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഒരു തരത്തിലും ഭയപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.