53-ാം ദേശീയദിനം ആഘോഷിക്കാന്‍ ഒമാന്‍; ഈ മാസം 22-നും 23-നും അവധി

Share

മസ്ക്കറ്റ്:  53-ാം ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി പ്രഖ്യാപിച്ച് ഒമാന്‍. നവംബര്‍ 22 ബുധന്‍, നവംബര്‍ 23 വ്യാഴം എന്നീ ദിവസങ്ങളില്‍ ആയിരിക്കും അവധി ലഭിക്കുക. സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് ആണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയത്. ഒമാന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആയ എക്‌സിലൂടെ ഒമാന്‍ ന്യൂസ് ഏജന്‍സി വിവരങ്ങള്‍ പുറത്തുവിട്ടു. പൊതു മേഖലയിലും, സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമായിരിക്കും. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ജീവനക്കാരുടെ അനുമതിയോടെ ആവശ്യമെങ്കില്‍ ഈ ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ നിയമങ്ങള്‍ പാലിച്ച് മാത്രമായിരിക്കും അവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതി. ഒമാനിലെ ദേശീയദിന അവധി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആണ്. അത് കഴിഞ്ഞ് വാരാന്ത്യ അവധിയാണ് വെള്ളി, ശനി ദിവസങ്ങള്‍. ഇതുകൂടി ഒരുമിച്ച് വരുന്നതിനാല്‍ നാല് ദിവസത്തെ അവധി ലഭിക്കും. രാജ്യത്തിന്റെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങള്‍ വിപുലമായി ഇത്തവണ ഒമാന്‍ നടത്തില്ല. മിലിറ്ററി പരേഡ്, പതാക ഉയര്‍ത്തല്‍ എന്നീ ചടങ്ങുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. പരിപാടികള്‍ ചുരുക്കുന്ന കാര്യം ഒമാന്‍ അധികൃതര്‍ നേരത്തെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു.