അല്‍ ഇത്തിഹാദ് റോഡിലെ വേഗപരിധിയില്‍ മാറ്റം; പുതിയ തീരുമാനം ഈ മാസം 20 മുതല്‍

Share

ദുബായ്: ദുബായ്-ഷാര്‍ജ റൂട്ടിലെ തിരക്കേറിയ ഹൈവേകളിലൊന്നാണ് അല്‍ ഇത്തിഹാദ് റോഡ്. 100 കിലോമീറ്ററാണ് ഈ റോഡിലെ നിലവിലെ വേഗപരിധി. എന്നാല്‍ ദുബായ് ആര്‍ടിഎ-യുടെ പുതിയ നിയമപ്രകാരം 100 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി റോഡിന്റെ വേഗപരിധി കുറയ്ക്കുകയാണ്. ഈ മാസം 20 മുതല്‍ ആയിരിക്കും പുതിയ തീരുമാനം പ്രബല്യത്തില്‍ വരുന്നതെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഷാര്‍ജ-ദുബായ് അതിര്‍ത്തിക്കും അല്‍ ഗര്‍ഹൂദ് പാലത്തിനും ഇടയിലുള്ള അല്‍ ഇത്തിഹാദ് റോഡിന്റെ ഒരു ഭാഗത്താണ് കുറഞ്ഞ വേഗപരിധി നിശ്ചയിച്ചിരിക്കുന്നത്. ഈ റോഡിലെ ഗതാഗത സംവിധാനം സുഗമമാക്കുന്നതിന്റെ ഭാഗമായി ആര്‍.ടി.എ-യും ദുബായ് പൊലീസും സംയുക്തമായാണ് തീരുമാനമെടുത്തത്. ദുബായ് പോലീസ് ജനറല്‍ ആസ്ഥാനവുമായി ഏകോപിപ്പിച്ചാണ് തീരുമാനം നടപ്പിലാക്കുന്നത്. പ്രവേശന കവാടങ്ങളുടെ എണ്ണവും തുടര്‍ച്ചയായി ട്രാഫിക് അപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലുമാണ് ഇത്തരത്തിലുള്ള തീരുമാനം. മേഖലയില്‍ സമീപകാലത്തുണ്ടായ വികസനങ്ങള്‍ കൂടി കണക്കിലെടുത്ത് പഠനം നടത്തിയാണ് വേഗത കുറയ്ക്കാന്‍ തീരുമാനിച്ചത്.