പലസ്തീന്‍ കുഞ്ഞുങ്ങള്‍ക്ക് കൈത്താങ്ങായി യു.എ.ഇ; പരിക്കേറ്റ 1000 കുട്ടികള്‍ക്ക് ചികില്‍സ നല്‍കും

Share

ദുബായ്: ഇസ്രായേല്‍-ഹമാസ് പോരാട്ടത്തില്‍ ഗുരതരമായി പരിക്കേറ്റ 1,000 പലസ്തീന്‍ കുട്ടികളെ യുഎഇ ആശുപത്രികളില്‍ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കുമെന്ന് യു.എ.ഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു. യു.എ.ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ് പ്രസിഡന്റ് മിര്‍ജാന സ്പോള്‍ ജാറിക്കും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന് പിന്നാലെയാണ് രാജ്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ജീവകാരുണ്യ സ്പര്‍ശം ആവശ്യമുള്ള ലോകമെമ്പാടുമുള്ള ജനതയ്ക്ക് സഹായം എത്തിക്കാനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഗസയിലെ ദുരിത ബാധിതരായ കുട്ടികള്‍ക്ക് യു.എ.ഇ ചികിത്സയും മറ്റ് സഹായങ്ങളും ലഭ്യമാക്കുന്നത്. ഗാസ മുനമ്പില്‍ നിന്നുള്ള കുട്ടികള്‍ക്ക് ആതിഥ്യമരുളാനും ചികില്‍സയും പരിചരണവും നല്‍കി അവരെ സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാനും അവസരമൊരുക്കുന്ന യുഎഇയുടെ തീരുമാനം പലസ്തീന്‍ കുട്ടികള്‍ക്കും ജനതയ്ക്കും വലിയ അനുഗ്രഹവും ആശ്വാസവുമാകുമെന്ന് റെഡ് ക്രോസ് പ്രിതിനിധി പ്രതികരിച്ചു.