വായനജാലകം തുറക്കുന്നു; ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള നാളെ മുതല്‍

Share

ഷാര്‍ജ: വിശ്വവിഖ്യാതവും ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തമേളയുമായ ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെയറിന് നാളെ നവംബര്‍ 1-ന് തിരി തെളിയും. നവംബര്‍ 12 വരെ തുടരുന്ന 42-ാമത് പുസ്തകമേളയ്ക്ക് പതിവ് പോലെ  ഷാര്‍ജ എക്‌സ്‌പോ സെന്റര്‍ വേദിയാകും. നൂറോളം പ്രസാധകര്‍ ഇത്തവണത്തെ പുസ്തക മേളയില്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മേളയിലെ ഏഴാം നമ്പര്‍ ഹാളിലാണ് ഇന്ത്യയില്‍ നിന്നുള്ള പുസ്തകങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തില്‍ മുൻ വർഷങ്ങളിലെന്ന പോലെ ഇത്തവണയും നിരവധി എഴുത്തുകാരും മാധ്യമ-ചലച്ചിത്ര പ്രവർത്തകരും വായന പ്രേമികളും  പുസ്തകോല്‍സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.

‘റിപ്പബ്ലിക് ഓഫ് സൗത്ത് കൊറിയ’ പുസ്തക മേളയുടെ 42-ാമത് സീസന്റെ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഈ വര്‍ഷത്തെ മികച്ച സാംസ്‌കാരിക വ്യക്തിത്വമായി തെരഞ്ഞെടുത്ത ലിബിയന്‍ നോവലിസ്റ്റ് ഇബ്രാഹിം അല്‍ കോനിയെ ചടങ്ങില്‍ ആദരിക്കും. ‘നമുക്ക് പുസ്തകങ്ങളെക്കുറിച്ച് പറയാം’ എന്ന വിഷയത്തില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ നിരവധി എഴുത്തുക്കാര്‍ തങ്ങളുടെ എഴുത്തും വായനയും ജീവിതവുമായി  ബന്ധപ്പെട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കും. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്, നാസ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസ്,  ബര്‍ഖാ ദത്ത്, കരീനാ കപൂര്‍, കജോള്‍ ദേവ്ഗന്‍, അജയ് പി.മങ്ങാട്ട്, നീനാ ഗുപ്ത, മല്ലിക സാരാഭായ്, നിഹാരിക, അങ്കുര്‍ വാരികൂ, മുരളി തുമ്മാരുകുടി, യാസ്മിന്‍ കറാച്ചിവാല, ജോയ് ആലുക്കാസ് തുടങ്ങിയ പ്രമുഖവരാണ് ഈ വര്‍ഷത്തെ അതിഥികളായി മേളയില്‍ എത്തുന്നത്.

ഇവർ പങ്കെടുക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ ചുവടെ:

നവംബര്‍ 3-ന് നടി നീനാ ഗുപ്ത ‘സച്ച് കഹോം തോ-നീന ഗുപ്ത’ എന്ന പരിപാടിയില്‍ പങ്കെടുക്കും. അടുത്ത ദിവസം നവംബര്‍ 4-ന് ബോള്‍ റൂമില്‍ വൈകുന്നേരം 6.30 മുതല്‍ 7.30 വരെ എന്‍.എം. നിഹാരിക ഇന്റര്‍നെറ്റ് സെന്‍സേഷന്‍ യാത്രയെക്കുറിച്ച് സംസാരിക്കും. രാത്രി 8 മുതല്‍ 10 വരെ ബോള്‍ റൂമില്‍ കരീന കപൂര്‍ ‘പ്രഗ്‌നന്‍സി ബൈബിള്‍’ എന്ന തന്റെ പുസ്തകത്തെ കുറിച്ചും ബോളിവുഡിലെ ചലച്ചിത്ര യാത്രകളെക്കുറിച്ചും സംസാരിക്കും. ഫോറം 3-ല്‍ രാത്രി 8.30 മുതല്‍ 9.30 വരെ അജയ് പി.മങ്ങാട്ട് ‘വിവര്‍ത്തനവും അതിന്റെ സാധ്യതകളും ചര്‍ച്ച’യില്‍ പങ്കെടുക്കും. ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന തന്റെ പുസ്തകത്തെ കുറിച്ചും സംവദിക്കും.

നവംബര്‍ 5-ന് ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 6 വരെ ഇന്റലക്ച്വല്‍ ഹാളില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ‘ചന്ദ്രയാന്‍ മുതല്‍ ആദിത്യ എല്‍-1 വരെ’ എന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ വൈകുന്നേരം 4.30 മുതല്‍ 6.30 വരെ ബോള്‍ റൂമില്‍ ജോയ് ആലുക്കാസിന്റെ ‘സ്‌പ്രെഡിങ് ജോയ്’ എന്ന ആത്മകഥ നടി കജോള്‍ പ്രകാശനം ചെയ്യും. ഫോറം 3-ല്‍ രാത്രി 7.15 മുതല്‍ 8.15 വരെ ‘പെര്‍ഫെക്റ്റ് 10’ല്‍ സെലിബ്രിറ്റി ഫിറ്റ്നസ് വിദഗ്ധ യാസ്മിന്‍ കറാച്ചിവാല ആരോഗ്യത്തോടും ഫിറ്റ്നസോടും കൂടി എങ്ങനെ ജീവിക്കാമെന്നത് സംബന്ധിച്ച് സ്വന്തം അനുഭവങ്ങള്‍ പങ്കുവയ്ക്കും.

നവംബര്‍ 9-ന് രാത്രി 8 മുതല്‍ 9 വരെ ബോള്‍ റൂമില്‍ ‘എ സ്റ്റാര്‍ ഇന്‍ സ്പേയ്‌സ്’ എന്ന തന്റെ പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സുനിത വില്യംസ് പങ്കെടുക്കും. ബഹിരാകാശ യാത്രാനുഭവം, ബഹിരാകാശ നടത്തം, നാസയുടെ ബോയിങ് ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് മിഷന്‍ എന്നിവയെ കുറിച്ച് സംസാരിക്കും. നവംബര്‍ 10-ന് ഇന്റലക്ച്വല്‍ ഹാളില്‍ രാത്രി 8 മുതല്‍ 10 വരെ ‘ഇന്‍ ഫ്രീ ഫാള്‍’ പരിപാടിയില്‍ നര്‍ത്തകിയും അഭിനേത്രിയും എഴുത്തുകാരിയുമായ മല്ലിക സാരാഭായ് യാത്ര, പുസ്തകം എന്നിവ സംബന്ധിച്ച് സംസാരിക്കും. ഫോറം 3-ല്‍ രാത്രി 8.30 മുതല്‍ 9.30 വരെ ‘ടു ഹെല്‍ ആന്‍ഡ് ബാക്ക്: ഹ്യൂമന്‍സ് ഓഫ് കോവിഡ്’ എന്ന പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകയും അവതാരകയും കോളമിസ്റ്റുമായ ബര്‍ഖ ദത്ത് പങ്കെടുക്കും.

അതേസമയം വനിതാ പ്രസാധകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലൂടെ പ്രസാധക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മികച്ച വനിതാ പ്രസാധകര്‍ക്ക് ‘പബ്ലിഷര്‍ എക്‌സലന്‍സ്’ അവാര്‍ഡുകള്‍ നല്‍കുമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി അറിയിച്ചു. 20 വർഷമെങ്കിലും ശക്തമായ സ്വാധീനം ചെലുത്തിയവർക്ക് ‘ലൈഫ് ടൈം അച്ചീവ്‌മെന്റ്’ അവാർഡ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. ‘എമർജിങ് ലീഡർ’ അവാർഡ്, ‘ഇന്നൊവേഷൻ അവാർഡ്’ തുടങ്ങി മൂന്ന് വിഭാഗത്തിലാണ് അവാർഡ് നൽകുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ ഏത് വിഭാഗത്തിലും അപേക്ഷ സമർപ്പിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. നോമിനേഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജനുവരി 15 ആണ്. പുസ്തകമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അധികൃതര്‍ അറിയിച്ചു.