ദുബായ്: ദുബായിലെ പൊതുഗതാഗത സംവിധാനമായ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഉപയോക്താക്കളില്‍ വീണ്ടും അഭിപ്രായ സര്‍വേ നടത്തുന്നു. ‘ട്രാവല്‍ ബിഹേവിയര്‍ സര്‍വേ’ എന്ന പേരിട്ടിരിക്കുന്ന അഭിപ്രായ സ്വരൂപണത്തിന്റെ രണ്ടാം ഘട്ടത്തിനാണ് ആര്‍.ടി.എ തുടക്കം കുറിച്ചിരിക്കുന്നത്. 2024 ഫെബ്രുവരി വരെയാണ് സര്‍വേയുടെ കാലാവധി തീരുമാനിച്ചിരിക്കുന്നത്. തീരുമാനപ്രകാരം എമിറേറ്റിലെ ഏകദേശം 21,000 താമസക്കാര്‍, തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍, പ്രവാസി തൊഴിലാളികള്‍ എന്നിവരെല്ലാം സര്‍വേയുടെ ഭാഗമാകും. റോഡ് ഗതാഗത മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും ഇതര പൊതുഗതാഗത ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ആര്‍ടിഎ-യുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് സര്‍വേ സംഘടിപ്പിക്കുന്നത്.
യാത്രക്കാര്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം പൊതുജനാഭിപ്രായത്തോടെ നല്‍കുക എന്നതാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ലക്ഷ്യം. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയായിരുന്നു ആര്‍ടിഎ-യുടെ ട്രാവല്‍ ബിഹേവിയര്‍ സര്‍വേയുടെ ആദ്യ ഘട്ടം. ഇതിന്റെ വിജയകരമായ പൂര്‍ത്തിയാക്കലിന് ശേഷമാണ് സര്‍വേയുടെ രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്ന്ത്. റോഡുകള്‍ക്കും പൊതുഗതാഗത സംവിധാനങ്ങളായ മെട്രോ, ട്രാം, പബ്ലിക് ബസുകള്‍, മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകള്‍ എന്നിവയുടെ വികസനത്തിനായി ആര്‍ടിഎ നിരന്തരമായി പുതിയ പദ്ധതികള്‍ നടപ്പിലാക്കാറുണ്ട്. ദുബായ് അര്‍ബന്‍ പ്ലാന്‍ 2040 വിഷന്‍ ലക്ഷ്യമാക്കിയാണ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പുതിയ സംവിധാനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്.