‘ഖത്തറില്‍ മുന്‍ ഇന്ത്യൻ നാവികരുടെ വധശിക്ഷ’; പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു?

Share

ഡല്‍ഹി: ഇന്ത്യന്‍ ജനങ്ങളെയും ഭരണകൂടത്തെയും അത്ഭുതപ്പെടുത്തിയ സംഭവമായിരുന്നു ഖത്തറില്‍ 8 മുന്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ചു എന്ന വാര്‍ത്ത. വിഷയത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഖത്തറുമായി അടിയന്തിര നയതന്ത്ര ഇടപെടല്‍ ആരംഭിച്ചിരിക്കുകയാണ്. ലഭിക്കുന്ന വിവരം അനുസരിച്ച് അടിയന്തിര പ്രാധാന്യത്തോടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ ഇടപെടും. ശിക്ഷ കാത്ത് കഴിയുന്ന മുന്‍ നാവികരെ നേരിട്ട് കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ ഖത്തറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഖത്തറില്‍ എട്ട് മുന്‍  ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കിയത് ഞെട്ടിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചിരുന്നു. മുന്‍ നാവികസേന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം സംസാരിക്കുന്നുണ്ട്. നാവികരെ കാണാന്‍ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യന്‍ അംബാസഡറെ ഖത്തര്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഇന്ത്യ ഇവര്‍ക്കായി അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ എന്താണ് കുറ്റം എന്നതുള്‍പ്പടെയുള്ള വിശദാംശങ്ങള്‍ കുടുംബത്തിനും ലഭിച്ചില്ല എന്നതാണ് സത്യം. വീണ്ടും നാവികരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. മാത്രമല്ല നിലവില്‍ ശിക്ഷ വിധിച്ച കോടതിക്ക് മുകളില്‍ രണ്ട് കോടതികള്‍ കൂടി അവശേഷിക്കുന്നുണ്ട്. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ഇതോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തര്‍ അമീറുമായി സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിഷയം സങ്കീര്‍ണ്ണമാണെന്നും മുന്‍ നാവികരുടെ മോചനത്തിനായി എല്ലാ വഴിയും തേടുമെന്നും ഇന്ത്യ അറിയിച്ചു.

അതേസമയം കേസ് കേന്ദ്ര സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തില്ലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എം.പി മനീഷ് തിവാരി കുറ്റപ്പെടുത്തി. പാര്‍ലമെന്റില്‍ നേരത്തെ ഈ വിഷയം ഉന്നയിച്ചതിന്റെ വീഡിയോ പങ്കുവച്ച് സര്‍ക്കാര്‍ നാവികരെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ്  മനീഷ് തിവാരിയാണ് രംഗത്തുവന്നത്.  പാര്‍ലമെന്റില്‍ വിദേശകാര്യ മന്ത്രി നല്‍കിയ ഉറപ്പുകള്‍ പാഴായെന്നും ദേശീയതയുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാരിനാണ് ഈ വിഷയത്തിൽ ഗുരുതരമായ വീഴ്ച സംഭവിച്ചതെന്നും മനീഷ് തിവാരി പ്രതികരിച്ചു.