സീസണ്‍ നോക്കി വിമാനക്കൊള്ള; ആരോട് ചോദിക്കാന്‍..ആരോട് പറയാന്‍?

Share

ദുബായ്: തക്കം പാത്തിരുന്ന് പിടിച്ചുപറി നടത്തുന്ന കൊള്ളസംഘത്തെ പോലെയാണ് ചില പ്രത്യേക സമയങ്ങളില്‍ പ്രാവാസികളെ കൊള്ളയടിക്കാന്‍ കാത്തിരിക്കുന്ന വിമാനക്കമ്പനികള്‍. ഈ ക്രിസ്മസ്, ന്യൂ ഇയര്‍ സമയത്തെ ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് കണ്ടാല്‍ ‘വിമാനക്കൊള്ള’ എന്നല്ലാതെ മറ്റെന്ത് വിശേഷണമാണ് നാം പ്രവാസികള്‍ നല്‍കേണ്ടത്. ആണ്ടിലൊരിക്കല്‍ മാത്രം നാട്ടില്‍ പോകാന്‍ അവസരം ലഭിക്കുന്ന അര്‍ദ്ധപട്ടിണിയിലുള്ള ബഹുഭൂരിപക്ഷം പ്രവാസികളുടെയും ഒരു വര്‍ഷക്കാലത്തെ സമ്പാദ്യം മുഴുവന്‍ പിടിച്ചുപറിക്കുന്ന തരത്തിലാണ് സീസന്‍ സമയങ്ങളില്‍ പ്രത്യേകിച്ചും ഇന്ത്യന്‍ പ്രവാസികളോട് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ പോലും നടത്തുന്ന കൊടും ക്രൂരത.

മിസൈല്‍ വേഗത്തില്‍ കുതിച്ചുയരുന്ന ഈ അരും കൊള്ളയ്‌ക്കെതിരെ പറയാനോ ചോദിക്കാനോ പരാതിപ്പെടാനോ നിയന്ത്രിക്കാനോ ആരുമില്ലാത്തതിന്റെ തോന്നിയവാസമാണ് പല വിമാനക്കമ്പനികളും പ്രവാസികളോട് വച്ചുപുലര്‍ത്തുന്നത്. നാട്ടിലെ സമ്പദ്ഘടനയെ ഭദ്രമായി പിടിച്ചുനിര്‍ത്തുന്ന പ്രവാസ സമൂഹത്തോട് എന്നും പുലര്‍ത്തിവരുന്ന ചിറ്റമ്മ നയത്തിന്റെ പ്രകടമായ ഉദാഹരണം കൂടിയാണ് ഈ നെറികേട്. പരാതികള്‍ വ്യാപകമാകുമ്പോള്‍ വോട്ടുരാഷ്ട്രീയത്തില്‍ ഭയമുള്ളതുകൊണ്ടുമാത്രം ഇടയ്ക്കിടയ്ക്ക് കേന്ദ്രത്തിന് കത്തെഴുതി തടിതപ്പുന്ന സംസ്ഥാന ഭരണകൂടങ്ങളും വിമാനക്കമ്പനികള്‍ സ്വകാര്യ സംരംഭങ്ങളെന്ന വാദം പറഞ്ഞ് കൈയൊഴിയുന്ന കേന്ദ്ര സര്‍ക്കാരും ഈയൊരു വിഷയത്തില്‍ ഒരുപോലെ കുറ്റക്കാരാണ്..അവര്‍ പ്രവാസികളോട് ചെയ്യുന്നത് കൊടും വഞ്ചനയാണ് ക്രൂരതയാണ്.

പറയുന്നത് വെറുതെയല്ല.. നമുക്കറിയാമല്ലോ നാട്ടോര്‍മ്മകളില്‍ നിന്നും ദീര്‍ഘനാള്‍ വിട്ടുനില്‍ക്കുന്ന പ്രവാസി സമൂഹം കൂടുതലും നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന സമയമാണ് ഉല്‍സവ സീസണുകള്‍. ഓണം, വിഷു, ദീപാവലി, ക്രിസ്തുമസ്, പൊങ്കല്‍, ഹോളി, ബലിപെരുന്നാള്‍, ന്യൂ ഇയര്‍ അടക്കമുള്ള ആഘോഷങ്ങളെല്ലാം പ്രവാസികള്‍ക്കും കൂടി അവകാശപ്പെട്ടതാണ്. ആ ഗൃഹാതുര സ്മരണകള്‍ക്കൊപ്പം ചേരാനാണ് പ്രവാസ സമൂഹം ഈ സീസന്‍ സമയങ്ങളില്‍ നാടണയുന്നത്. ആ അവസരം മുതലാക്കുന്നത് പ്രവാസികളോട് മാത്രമല്ല അവരുടെ കുടുംബത്തോടും നാടിനോടും ചെയ്യുന്ന നീതികേടാണ്. എന്നാല്‍ ഇന്ധന വില കൂടിയതാണ് നിരക്ക് വര്‍ദ്ധനയ്ക്ക് കാരണമായി കമ്പനികള്‍ നല്‍കുന്ന വിശദീകരണം.

ഈ ടിക്കറ്റ് നിരക്ക് ഒന്ന് നോക്കൂ..2023 നവംബര്‍ 24 മുതല്‍ ഡിസംബര്‍ 31 വരെ അഞ്ചിരട്ടിയിലധികമാണ് ടിക്കറ്റ് നിരക്ക് ഉയര്‍ന്നിരിക്കുന്നത്. ജിദ്ദയില്‍ നിന്ന് നാട്ടിലെത്താന്‍ നാലംഗ കുടുംബത്തിന് രണ്ട് ലക്ഷം രൂപയിലധികം വേണം എന്നതാണ് അവസ്ഥ. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 55,000 മുതല്‍ 73,000 രൂപയാണ് ഒരാളുടെ നിരക്ക്. സാധാരണയുള്ള 13,000 രൂപയുടെ ടിക്കറ്റിനാണ് ഈ വര്‍ദ്ധന. ദുബായില്‍ നിന്നാണെങ്കില്‍ നാലംഗ കുടുംബത്തിന് കുറഞ്ഞത് ഒന്നര ലക്ഷം ചെലവാകും. 37,000 മുതല്‍ 43,000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. സാധാരണ 10,000 രൂപ മതിയാകും.

അതേസമയം വിമാന യാത്രാനിരക്ക് സീസണ്‍ നോക്കി കൂട്ടുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് വര്‍ദ്ധനയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ വ്യോമയാന നിയമപ്രകാരം നിരക്ക് തീരുമാനിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അധികാരമുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സീസണില്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റിനായി കേരള സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് മാത്രമായി ഇങ്ങെയൊരു തീരുമാനം കൈക്കൊള്ളാന്‍ കഴിയില്ലെന്നാണ് കേന്ദ്ര നിലപാട്. സീസണില്‍ അധിക സര്‍വീസ് അനുവദിക്കുകയാണ് പോംവഴിയെന്നും രാജ്യങ്ങള്‍ തമ്മിലെ ഉഭയകക്ഷി കരാര്‍ പ്രകാരമാണ് വിമാന സര്‍വീസ് അനുവദിക്കുകയെന്നും അതിനാല്‍ കേന്ദ്രം വിഷയത്തില്‍ ഇടപെടണമെന്നുമാണ് പ്രവാസികളുടെ ആവശ്യം.