യു.എ.ഇ-യില്‍ തൊഴില്‍ പരാതികള്‍ അറിയിക്കാം; പുതിയ നമ്പര്‍ നിലവില്‍ വന്നു

Share

ദുബായ്: യു.എ.ഇ-യില്‍ തൊഴില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പുതിയ ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ഈ മാസം 12 മുതലാണ് പുതിയ ടോള്‍ഫ്രീ നമ്പര്‍ നിലവില്‍ വന്നത്. രാജ്യത്തെ കമ്പനി ഉടമകള്‍ക്കും ജീവനക്കാര്‍ക്കും തൊഴില്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ ഇനിമുതല്‍ ‘80084’ എന്ന ടോള്‍ ഫ്രീ നമ്പറിലേക്കാണ് വിളിക്കേണ്ടതെന്ന് യു.എ.ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു. പരാതികള്‍ അറിയിക്കാനായി മുമ്പ് ഉപയോഗിച്ചിരുന്ന 04-6659999 എന്ന ഫോണ്‍ നമ്പറിന് പകരമാണ് 80084 എന്ന പുതിയ നമ്പര്‍. തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മണിമുതല്‍ രാത്രി 8 മണിവരെ പരാതികള്‍ക്കായി ഈ ടോള്‍ഫ്രീ നമ്പറിലേക്ക് ബന്ധപ്പെടാം. ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെ രാജ്യത്തെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും നല്‍കിയ പരാതിയില്‍ മേലുള്ള അപ്‌ഡേറ്റുകള്‍ അറിയാനും കഴിയും. യുഎഇയുടെ തൊഴില്‍ നിയമം 2021-ലെ 33-ാം നമ്പര്‍ അനുസരിച്ച് നല്‍കിയ പരാതി സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി പരിഹാരം നേടാന്‍ കഴിയുമെന്നും മന്ത്രാലയം വ്യക്തമാക്കി.