കടലിനടിയിലൂടെ ട്രെയിന്‍ സര്‍വീസ്; യു.എ.ഇ-യില്‍ നിന്ന് ഇന്ത്യയിലേക്ക്

Share

അബുദബി: ഇത് സ്വപ്നമല്ല..യാഥാര്‍ത്ഥ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ്. ഇന്ത്യ-യു.എ.ഇ വാണിജ്യ-വ്യാപാര-ഗതാഗത-ടൂറിസം മേഖലകളില്‍ വന്‍ കുതിച്ചു ചാട്ടത്തിന് കളമൊരുക്കുന്ന അന്തര്‍ജല ഗതാഗത പദ്ധതിയുടെ പിന്നാലെയാണ് ഇരു രാജ്യങ്ങളും. യുഎഇ-യിലെ ഫുജൈറ നഗരത്തെയും ഇന്ത്യയിലെ വ്യവസായ നഗരമായ മുംബൈയെയും അണ്ടര്‍വാട്ടര്‍ ട്രെയിന്‍ സര്‍വീസ് വഴി ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയുടെ ആദ്യഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

കടലിനടിയിലൂടെ 1826 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ നിര്‍മിച്ച് ഹൈസ്പീഡ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഇരു രാജ്യങ്ങളിലേക്കും യാത്രകള്‍ സാധ്യമാക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. ഇതിനുള്ള സാധ്യതാ പഠനത്തിനായി യുഎഇ ഒരുങ്ങുകയാണ്. ഈ സ്വപ്ന പദ്ധതി യുഎഇ-യുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ പരിഗണനയിലാണെന്നും ഉടന്‍ തന്നെ സാധ്യതാ റിപ്പോര്‍ട്ട് തേടുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറബിക്കടലിനടിയിലൂടെയുള്ള തീവണ്ടി പാത വഴി ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ചരക്ക് നീക്കം, യാത്ര എന്നിവയ്ക്കൊപ്പം എണ്ണ പൈപ്പ് ലൈന്‍, കുടിവെള്ള പൈപ് ലൈന്‍ എന്നിവ സ്ഥാപിക്കാന്‍ കഴിയുമെന്നതാണ് ഈ പദ്ധതിയോട് യു.എ.ഇ-യെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയിലേക്ക് നിലവില്‍ വിമാന സര്‍വീസ് മാത്രമാണ് ഏക ആശ്രയം. എന്നാല്‍ അന്തര്‍ജല ട്രയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് വികസനപാതയില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിമാറും. കുറഞ്ഞ ചെലവില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഗള്‍ഫിലെത്തുന്നതിനൊപ്പം കൂടുതല്‍ ലഗേജും കൊണ്ടു പോകാന്‍ കഴിയും. വിനോദസഞ്ചാര മേഖലയിലും വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. ദുബായിലെത്തുന്ന ആഗോള വിനോദസഞ്ചാരികളെ ഇന്ത്യയിലേക്ക് കൂടി ആകര്‍ഷിക്കാന്‍ കടല്‍പാതയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

യുഎഇ-ഇന്ത്യ വിമാന യാത്രാസമയത്തേക്കാള്‍ ഒരു മണിക്കൂര്‍ കുറവ് മതിയാവും അതിവേഗ തീവണ്ടി പാതയില്‍. എയര്‍പോര്‍ട്ടിലെ യാത്രയ്ക്ക് മുമ്പുള്ള സമയദൈര്‍ഘ്യമേറിയ നടപടിക്രമങ്ങള്‍ കുറയ്ക്കാനും കഴിയും. ബുള്ളറ്റ് ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാകും. ഉപയോഗിക്കേണ്ട ട്രെയിനുകളുടെ തരത്തെക്കുറിച്ചും ഏറ്റെടുക്കേണ്ട നിര്‍മാണത്തെക്കുറിച്ചും സാധ്യതാ റിപ്പോര്‍ട്ടിലുണ്ടാവും. യാത്രാ മാര്‍ഗത്തേക്കാള്‍ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനുള്ള മാര്‍ഗമായാണ് യുഎഇ ഇതിനെ കാണുന്നത്. നര്‍മ്മദ നദിയില്‍ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം കൊണ്ടുവരുമ്പോള്‍ ഫുജൈറയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുകയും ചെയ്യാം.

ഇംഗ്ലണ്ടിനെയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന സദുദ്രാന്തര പാത 1994 മുതല്‍ പ്രവര്‍ത്തനക്ഷമമാണെങ്കിലും ടണലിന്റെ നീളം 56 കി.മീ മാത്രമാണ്. ട്രെയിന്‍ മണിക്കൂറില്‍ 112 കി.മീ എന്ന കുറഞ്ഞ വേഗതയിലാണ് ഓടുന്നത്. ഇതിനേക്കാള്‍ 50 മടങ്ങ് വലിയ ഒരു പ്രോജക്റ്റായ യുഎഇ-ഇന്ത്യ അണ്ടര്‍വാട്ടര്‍ സര്‍വീസില്‍ പത്തിരട്ടിയോളം വേഗതയുമുണ്ടാവും. ഈ പാത ഭാവിയില്‍ സൗദി ഉള്‍പ്പെടെയുള്ള ഇതര ഗള്‍ഫ് രാജ്യങ്ങളുമായി വേഗത്തില്‍ ബന്ധിപ്പിക്കാനും കഴിയും.