ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്താൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ദുബായ്

Share

ദുബായ്: ദുബായ് എമിറേറ്റിന്റെ ഔദ്യോഗിക ലോഗോ ദുരുപയോഗം ചെയ്താല്‍ തടവും പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. യു.എ.ഇ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എമിറേറ്റിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിപ്പിക്കുന്ന തരത്തില്‍ 2023-ലെ 17-ാം നമ്പര്‍ നിയമവും അതിന്റെ ചട്ടങ്ങളും അനുസരിച്ചായിരിക്കും ലോഗോയുടെ ദുരുപയോഗം തടയുക. നിയമമനുസരിച്ച് മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവും ഒരുലക്ഷം ദിര്‍ഹം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും അല്ലെങ്കില്‍ രണ്ടില്‍ ഒന്നുമായിരിക്കും ശിക്ഷ. നിയമപ്രകാരം സര്‍ക്കാര്‍ സംവിധാനങ്ങളിലും രേഖകളിലും വെബ്സൈറ്റുകളിലും ഔദ്യോഗിക പരിപാടികളിലുമെല്ലാം ലോഗോ ഉപയോഗിക്കാന്‍ കഴിയും. ദുബായ് ഭരണാധികാരിയില്‍ നിന്നോ പ്രതിനിധിയില്‍ നിന്നോ മുന്‍കൂട്ടി അനുവാദം വാങ്ങിയാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും എബ്ലം നിയമപ്രകാരം ഉപയോഗിക്കാം. നിയമം നിലവില്‍ വരുമ്പോള്‍ ചിഹ്നം ഉപയോഗിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അല്ലെങ്കില്‍ വ്യക്തികള്‍ എന്നിവര്‍ മുന്‍കൂര്‍ അനുമതി നേടിയിട്ടില്ലെങ്കില്‍ 30 ദിവസത്തിനുള്ളില്‍ ഉപയോഗം പൂര്‍ണമായും നിര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് അനുസരിച്ചായിരിക്കും നിയമം പ്രാബല്യത്തില്‍ വരിക.