മസ്‌കറ്റ്: ഒമാന്‍-യു.എ.ഇ യാത്ര സുഗമമാക്കി റോഡ് മാര്‍ഗമുള്ള പൊതുഗതാഗത സര്‍വീസുകള്‍ പുന:രാരംഭിച്ചു. ഇതിന്റെ ഭാഗമായി ഒമാന്റെ ദേശീയ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത് മസ്‌കത്തില്‍ നിന്ന് അബുദബിയിലേക്കുള്ള ബസ് സര്‍വീസിന് ഒക്ടോബര്‍ 1 മുതല്‍ തുടക്കമായി. മസ്‌കറ്റില്‍ നിന്ന് രാവിലെ 6.30-ന് പുറപ്പെടുന്ന ബസ് വൈകീട്ട് 3.40-ന് അബുദാബിയിലും, അബുദാബിയില്‍ നിന്ന് രാവിലെ 10.45-ന് പുറപ്പെടുന്ന ബസ് രാത്രി 8.35-ന് മസ്‌കറ്റിലെത്തിച്ചേരുകയും ചെയ്യുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും ഈ സമയക്രമം പാലിച്ചുകൊണ്ടായിരിക്കും ബസ് സര്‍വീസ് നടത്തുക. മസ്‌കറ്റില്‍ നിന്ന് അലൈന്‍ വഴി അബുദബിയില്‍ എത്തിച്ചേരാന്‍ 11.50 ഒമാനി റിയാല്‍ അതായത് 109 ദിര്‍ഹം ആണ് ബസ് ചാര്‍ജ്. 210 ദിര്‍ഹമായിരിക്കും റൗണ്ട് ട്രിപ്പ് ടിക്കറ്റ് നിരക്ക്.
യാത്രാവേളയില്‍ ലഗേജ് കൊണ്ടുപോകുന്നതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാഗില്‍ 23 കിലോ വരെയുള്ള ലഗേജും കൂടാതെ ഏഴു കിലോ ഹാന്‍ഡ് ബാഗും അനുവദനീയമാണ്. കൊവിഡ്-19 സമയത്ത് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ച ബസ് സര്‍വീസുകളാണ് പുനനാരംഭിച്ചത്. അതേസമയം ദുബായ്-മസ്‌കറ്റ് സര്‍വീസുകളും ഉടന്‍ പുന:രാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ടൂറിസ ആവശ്യങ്ങള്‍ക്കായി യുഎഇ-ക്കും ഒമാനുമിടയില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവര്‍ക്കും വിസമാറ്റം പോലുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്കും വലിയ അനുഗ്രഹമാണ് നിലവില്‍ പുന:രാരംഭിച്ചിരിക്കുന്ന ബസ് സര്‍വീസ്.