പൂനെ: മഹാരാഷ്ട്രയിലെ നാസിക്കില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. പൊട്ടിത്തെറിയില്‍ വീടിന്റെ ജനാല കത്തിനശിച്ചു. നാസികിലെ സിഡ്കോ ഉത്തം നഗര്‍ പ്രദേശത്തെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനടുത്ത് ഒരു പെര്‍ഫ്യൂം ബോട്ടിലും ഉണ്ടായിരുന്നു. ഇത് സ്ഫോടനത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. സ്ഫോടനത്തില്‍ വീടിന്റെ ജനാലകള്‍ മാത്രമല്ല കത്തിനശിച്ചത്. സ്ഫോടനം നടന്ന വീടിന്റെ ചുറ്റുമുള്ള വീടുകളുടെയും ജനല്‍ച്ചില്ലുകള്‍ പൊട്ടിച്ചിതറി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും സ്ഫോടനത്തില്‍ തകര്‍ന്നു. പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. കേരളത്തിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ മെയിലാണ് തൃശ്ശൂര്‍ സ്വദേശിയായ 76കാരന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ കത്തി അപകടമുണ്ടായത്. മരോട്ടിച്ചാല്‍ സ്വദേശിയായ ഏലിയാസാണ് അപകടത്തില്‍ പെട്ടത്. ഇദ്ദേഹം നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരുന്നു. തിരുവില്വാമല പട്ടിപ്പറമ്പില്‍ മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടി മരിച്ചത് ഏപ്രില്‍ 24നാണ്. തിരുവില്വാമല പട്ടിപ്പറമ്പ് മാരിയമ്മന്‍ കോവിലിനു സമീപം കുന്നത്തുവീട്ടില്‍ മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകള്‍ ആദിത്യശ്രീ(8)യാണ് മരിച്ചത്.
മെയ് 9-നാണ് പാന്റിന്റെ പോക്കറ്റില്‍ വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് ഈ സംഭവം ഉണ്ടായത്. കോഴിക്കോട്ടെ റെയില്‍വേ ജീവനക്കാരന്‍ ഫാരിസിന് ആണ് പൊള്ളലേറ്റത്. രാവിലെ ഓഫീസില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. അടിവയറ്റിലും കാലിലും പരിക്കേറ്റ ഹാരിസിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ പെട്ടിത്തെറിച്ചുള്ള അപകടം തുടര്‍ക്കഥയായതോടെ മുന്നറിയിപ്പുമായി കേരള പൊലീസും രംഗത്തെത്തിയിരുന്നു.