സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് യു.എ.ഇ പാസ് നിര്‍ബന്ധം; തീരുമാനം ദേശീയ ഡിജിറ്റല്‍ നയത്തിന്റെ ഭാഗമായി

Share

ദുബായ്: യുഎഇ പൗരന്മാര്‍ക്കും താമസക്കാര്‍ക്കുമുള്ള ദേശീയ ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയാണ് യുഎഇ പാസ്. രാജ്യത്തിന്റെ വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് സേവനങ്ങള്‍ക്കും ഇനിമുതല്‍ ദേശീയ ഡിജിറ്റല്‍ ഐഡി കാര്‍ഡായ ‘യുഎഇ പാസ് നിര്‍ബന്ധമാക്കി. യുഎഇ പാസ് വഴി സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഇനിമുതല്‍ സ്മാര്‍ട്ട് സേവനങ്ങള്‍ക്കായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ ആപ്ലിക്കേഷനിലോ പ്രവേശിക്കാന്‍ കഴിയുകയുള്ളൂ. ദേശീയ ഡിജിറ്റല്‍ നയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടം വിജയമാണെന്ന് ഉപഭോക്തൃ വകുപ്പ് ഡയറക്ടര്‍ ഹുമൈദ് ഹസ്സന്‍ അല്‍ഷംസി അറിയിച്ചു. ഈ സാഹചര്യത്തിലാണ് എല്ലാ സേവനങ്ങള്‍ക്കും യുഎഇ പാസ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.

വ്യവസായ മേഖലയുടെ പുരോഗതിക്കും സുതാര്യതയ്ക്കും പുതിയ തീരുമാനം വളരെ അധികം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. 16,574 കമ്പനികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തടസ്സമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി യുഎഇ-യിലെ മറ്റ് കമ്പനികള്‍ കൂടി രജിസറ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. സര്‍വീസ് സെന്ററില്‍ നേരിട്ട് ഹാജരാകാതെ തന്നെ 24 മണിക്കൂറും സേവനം ഉറപ്പാക്കാം എന്നതാണ് പ്രത്യേകത. മന്ത്രാലയം നിലവില്‍ നല്‍കി വരുന്ന സേവനങ്ങളെ യുഎഇ പാസുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതായും അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ യുഎഇ പാസുമായി ബന്ധിപ്പിക്കണം. ഡിജിറ്റല്‍ സേവനം ആവശ്യമുള്ള വ്യക്തിയും കമ്പനിയും യുഎഇ പാസ് മുഖേന സ്ഥിരീകരിച്ച് ഇ-സിഗ്‌നേച്ചര്‍ നല്‍കുമ്പോഴാണ് അപേക്ഷകള്‍ സ്വീകരിക്കപ്പെടുന്നത്.