‘ഗാര്‍ഹിക തൊഴിലാളികളെ സംരക്ഷിക്കണം’; മാര്‍ഗനിര്‍ദ്ദേശങ്ങളുമായി കുവൈത്ത് ഇന്ത്യന്‍ എംബസി

Share

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികുടെ സംരക്ഷണത്തിനായി ഇന്ത്യന്‍ എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് നിത്യേന എംബസിയിലേക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി രംഗത്തെത്തിയിരിക്കുന്നത്. കുവൈത്തിലെ തൊഴില്‍ നിയമങ്ങള്‍ വ്യക്തമാക്കിയാണ് എംബസി പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

പ്രധാനപ്പെട്ട നിബന്ധനകള്‍ ഇവയാണ്.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാന്യമായ ജോലി നല്‍കണം അതുപോലെ അപകടകരമായ ജോലി ചെയ്യാന്‍ തൊഴിലാളിയെ നിര്‍ബന്ധിക്കരുതെന്നും എംബസി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. മാത്രമല്ല വീട്ടുജോലിക്കാര്‍ക്ക് അറബിയിലും ഇംഗ്ലീഷിലും തയ്യാറാക്കിയ തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. കൂടാതെ തൊഴിലാളികള്‍ക്ക് ജോലി ചെയ്യാന്‍ ആവശ്യമായ സൗകര്യങ്ങള്‍ തൊഴില്‍ ഉടമ ഉറപ്പാക്കണം. ഒപ്പം ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ നല്‍കേണ്ടതും തൊഴിലുടമയുടെ കടമയാണ്. രാജ്യത്തെ തൊഴില്‍ നിയമപ്രകാരം ആഴ്ചയില്‍ ഒരു ദിവസം വിശ്രമം അനുവദനീയമാണ്. ശമ്പളത്തോടുകൂടിയ ഒരു മാസത്തെ വാര്‍ഷിക അവധിയും തൊഴിലാളിയുടെ അവകാശമാണ്. ഗാര്‍ഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം 12 മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നാണ് മറ്റൊരു നിബന്ധന.

തൊഴിലാളിയുടെ സമ്മതം കൂടാതെ പാസ്പോര്‍ട്ടോ സിവില്‍ ഐഡി കാര്‍ഡോ ഒരു കാരണവശാലും തൊഴിലുടമ കൈവശം വെക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ജോലിയില്‍ പ്രവേശിച്ച അന്ന് മുതലുള്ള തീയതി കണക്കാക്കി ഓരോ മാസത്തിന്റെയും അവസാനം കൃത്യമായി ശമ്പളം നല്‍കണം. തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രതിമാസ വേതനം കുവൈറ്റ് തൊഴില്‍ നിയമപ്രകാരം നിശ്ചയിച്ച ശമ്പളത്തില്‍ കുറയാന്‍ പാടില്ല. കുവൈത്തില്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് നിലവില്‍ ലഭിക്കുന്ന കുറഞ്ഞ പ്രതിമാസ വേതനം 120 കുവൈറ്റ് ദിനാര്‍ ആണ്. ശമ്പളം വൈകുന്ന സാഹചര്യമുണ്ടായാല്‍ ഓരോ മാസത്തിനും 10 ദിനാര്‍ വീതം അധികമായി നല്‍കാന്‍ തൊഴില്‍ ഉടമ ബാധ്യസ്ഥനാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.