ഇനി ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി; തമിഴ്‌നാട്ടില്‍ ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് എ.ഐ.എ.ഡി.എം.കെ

Share

ചെന്നൈ: തമിഴ്‌നാട് ഭരണം ലക്ഷ്യമാക്കി രാഷ്ട്രീയ കരുനീക്കം നടത്തിയ ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ബി.ജെ.പിയുമായുള്ള സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചതായി എ.ഐ.എ.ഡി.എം.കെ അറിയിച്ചു. തമിഴ്നാട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്നുചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു എ.ഐ.എ.ഡി.എം.കെ-യുടെ പ്രഖ്യാപനം. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി സി.എന്‍ അണ്ണാദുരൈയെക്കുറിച്ച് തമിഴ്നാട് ബി.ജെ.പി അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് എ.ഐ.എ.ഡി.എം.കെ-യുടെ പുതിയ തീരുമാനം.

എംപിമാരും എംഎല്‍എമാരും ജില്ലാ മേധാവികളും പങ്കെടുത്ത യോഗത്തില്‍ ഏകകണ്ഠമായി പ്രമേയം പാസായതിന് പിന്നാലെ എ.ഐ.എ.ഡി.എം കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കെ.പി മുനുസ്വാമിയാണ് ബി.ജെ.പി സഖ്യം ഉപേക്ഷിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും പുതിയ മുന്നണി രൂപീകരിച്ച് മത്സരിക്കുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. അറിയിപ്പിന് പിന്നാലെ എ. ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തിനുമുന്നില്‍ ആഹ്‌ളാദ പ്രകടനം നടത്തി.

സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് ഹിന്ദു മത സ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖറിനെതിരെയുള്ള പ്രതിഷേധത്തിനിടെ അണ്ണാമലെ നടത്തിയ വിവാദ പരാമര്‍ശമാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.1956ല്‍ മധുരയില്‍ പൊതുസമ്മേളനത്തില്‍ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരെ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊന്‍ മുത്തുമാരലിംഗ തേവര്‍ അത് ശക്തമായി എതിര്‍ത്തുവെന്നുമായിരുന്നു അണ്ണാമലെ പറഞ്ഞത്. പരാമര്‍ശത്തിനെതിരെ മുന്‍ മന്ത്രിമാരടക്കമുള്ള എഐഎഡിഎംകെ നേതാക്കള്‍ ശക്തമായി രംഗത്തെത്തിയിരുന്നു.