ചെന്നൈ: തമിഴ്‌നാടിനെ കൈപ്പിടിയിലൊതുക്കാനുള്ള ബി.ജെ.പി മോഹത്തിന് തിരിച്ചടിയായി എ.ഐ.എ.ഡി.എം.കെ നിലപാട്. തമിഴ്നാട്ടില്‍ ബി.ജെ.പി സഖ്യം ഉപേക്ഷിക്കുന്നുവെന്ന സൂചന നല്‍കി രംഗത്തു വന്നിരിക്കുയാണ് മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍. ബിജെപിയുമായി സഖ്യമില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാരണകള്‍ സംബന്ധിച്ച തീരുമാനം വേണമെങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കുമെന്നുമാണ് ഡി. ജയകുമാറിന്റെ പ്രസ്താവന. നേരത്തെ ജയലളിത അടക്കമുള്ള എ.ഐ.ഡി.എം.കെ നേതാക്കളെക്കുറിച്ച് അണ്ണാമലൈ നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി ബന്ധം വഷളാക്കിയിരുന്നു.
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും എഐഎഡിഎംകെ നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായ എഐഎഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി മുതിര്‍ന്ന നേതാവ് വ്യക്തമാക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമാണ് നിലവില്‍ എഐഎഡിഎംകെ. കഴിഞ്ഞ ആഴ്ച എഐഎഡിഎംകെ നേതാവ് എടപ്പാടി പളനി സ്വാമിയും തമിഴ്നാട് ബിജെപി ഘടകത്തിന്റെ പ്രസിഡന്റ് എടപ്പാടി പളനിസ്വാമിയും ബിജെപി കേന്ദ്രനേതൃത്വുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡല്‍ഹിയില്‍ എത്തിയിരുന്നു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ ചേദിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദ്രാവീഡിയന്‍ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ സിഎന്‍ അണ്ണാദുരൈക്കുറിച്ചുള്ള അണ്ണാമലൈയുടെ പരാമര്‍ശങ്ങള്‍ എഐഡിഎംകെയെ പ്രകോപിപ്പിച്ചിരുന്നു.