ദുബായ്: വിനോദ സഞ്ചാരികളുടെ സ്വപ്ന നഗരിയാണ് ദുബായ്. ദുബായുടെ വിരിമാറില്‍ നമുക്കായി കരുതി വച്ചിരിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ അത് കണ്ട് തന്നെ ആസ്വദിക്കണം. മനം മയക്കുന്ന മണല്‍ കൂമ്പാരം മുതല്‍ നഗര ഹൃദയത്തില്‍ അഭിമാനം വാനോളം ഉയര്‍ത്തി നില്‍ക്കുന്ന നിര്‍മിതികള്‍ വരെ ദുബായിയെ മറ്റിടങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. അങ്ങനെ മറ്റൊരു വേറിട്ട അനുഭവമായി 14 വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങി വച്ചതാണ് ദുബായ് മെട്രോ.. ഈ പതിനാലാം വയസിലും പെര്‍ഫോമന്‍സില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാതെ മുന്നോട്ടു കുതിക്കുകയാണ് ദുബായ് മെട്രോ.. അംബരചുംബിയായ ബുര്‍ജ് ഖലീഫയും ദുബായ് ഫ്രയിമും പാം ജുമൈറും ദുബായ് മാളും ജുമൈറ ബീച്ചും മറീനയും ഫ്യൂച്ചര്‍ മ്യൂസിയവും ക്രീക്കും മിറാക്കിള്‍ ഗാര്‍ഡനുമെല്ലാം ദുബായുടെ വിനോദ സഞ്ചാരത്തിന്റെ അടയാളപ്പെടുത്തലുകളാണ്.
ഈ ലോകോത്തര നിര്‍മിതകള്‍ക്കൊപ്പമാണ് വിദേശികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ദുബായ് മെട്രോയും മറ്റൊരു അല്‍ഭുതമായി നിലകൊള്ളുന്നത്. അതെ ദുബായിലെ ഡ്രൈവറില്ലാ ഗതാഗത സംവിധാനമായ മെട്രോ 14 സംവല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുകയാണ്. ഇന്ന് ദുബായ് ചലിക്കുന്നതുതന്നെ മെട്രോയുടെ താളത്തിനൊപ്പമാണ്. മെട്രോയുടെ ജനനത്തിന് തന്നെ ഒരു പ്രത്യേകതയുണ്ട്. കാരണം 9 എന്ന അക്കവുമായി മെട്രോക്ക് അഭേദ്യമായ ബന്ധമുണ്ട്. അതായത് 2009-ല്‍ സെപ്റ്റംബര്‍ 9-ന് രാത്രി 9 മണിക്ക് കൃത്യം ഒമ്പതാം മിനിറ്റിന്റെ ഒമ്പതാം സെക്കന്‍ഡിലാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂ ആദ്യത്തെ നോള്‍ കാര്‍ഡ് ടാപ്പ് ചെയ്തത്.
അന്നുമുതല്‍ ഇന്നുവരെയുള്ള 14 വര്‍ഷങ്ങളിലായി എത്രയെത്ര രാജ്യക്കാര്‍ എത്രയെത്ര പ്രമുഖ വ്യക്തിത്വങ്ങളാണ് ദുബായി മെട്രായിലൂടെ സഞ്ചരിച്ചത്. ഒരു മില്യണ്‍ കിലോമീറ്ററിലധികം യാത്രാ ദൂരം പൂര്‍ത്തിയാക്കിയതിന്റെ നിറവിലും ആത്മവിസ്വാസത്തിലുമാണ് മെട്രായുടെ പ്രയാണം. പ്രിതിദിനം 1.7 ദശലക്ഷത്തിലധികം ആളുകളാണ് ദുബായ് മെട്രോയില്‍ സഞ്ചരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും വൃത്തിയുമുള്ള പൊതുഗതാഗത സംവിധാനമായിട്ടാണ് മെട്രോയെ കണക്കാക്കുന്നത്. 900 ഓട്ടോമേറ്റഡ് ഫെയര്‍ ഗേറ്റുകള്‍, 548 എസ്‌കലേറ്ററുകള്‍, 273 എലിവേറ്ററുകള്‍, 96 ഇലക്ട്രിക് നടപ്പാതകള്‍, എയര്‍കണ്ടീഷന്‍ ചെയ്ത നടപ്പാലങ്ങള്‍ എന്നിവയെല്ലാം ഉപയോക്താക്കള്‍ക്ക് സുഗമവും സുരക്ഷിതവുമായ യാത്രാനുഭവം സമ്മാനിക്കുന്നു. അങ്ങനെ യാത്രാവഴിയില്‍ 14 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ദുബായ് മെട്രായ്ക്ക് ഗള്‍ഫ് ഐ 4 ന്യൂസിന്റെ ബിഗ് സല്യൂട്ട്…