അന്താരാഷ്ട്ര റെയില്‍വേ കണക്റ്റിവിറ്റി യാഥാര്‍ത്ഥ്യമാകുമോ?

Share

ഡല്‍ഹി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയില്‍ അന്താരാഷ്ട്ര റെയില്‍വേ കണക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം കൈക്കൊള്ളുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ-ഗള്‍ഫ്-അറബ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന സുപ്രധാന റെയില്‍വേ കണക്റ്റിവിറ്റി സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മേല്‍നോട്ടത്തില്‍ ശ്രമങ്ങള്‍ നടക്കുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ജി 20 ഉച്ചകോടിയില്‍ ഇതുമായി ബന്ധപ്പെട്ട കരാറില്‍ അമേരിക്ക, ഇന്ത്യ, സൗദി, യുഎഇ എന്നീ രാജ്യങ്ങള്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് മേഖലയില്‍ ചൈന ചെലുത്തുന്ന സ്വാധീനത്തിന് ഒരു പരിധിവരെ തടയിടുക എന്ന ലക്ഷ്യത്തോടെയാണ് വൈറ്റ് ഹൗസ് മുന്‍കൈയെടുത്ത് സംയുക്ത അടിസ്ഥാന സൗകര്യവികസന കരാര്‍ കൊണ്ടുവരുന്നത്. ഗള്‍ഫ് മേഖലയിലെ തുറമുഖങ്ങളില്‍ നിന്ന് ഷിപ്പിങ് പാതകള്‍ക്ക് സമാന്തരമായി ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ വികസന കരാറും ജി-20 ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വൈറ്റ് ഹൗസും പ്രത്യേക താല്‍പര്യമെടുക്കുന്നതിനാല്‍ ന്യൂഡല്‍ഹിയില്‍ വച്ച് തന്നെ സംയുക്ത അടിസ്ഥാന സൗകര്യവികസന കരാര്‍ ഉണ്ടാക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്.