രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപീം കോടതിയില്‍ ഹര്‍ജി

Share

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം.പി-യുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നോ സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അപകീര്‍ത്തി പരാമര്‍ശക്കേസില്‍ കുറ്റക്കാരനെന്ന് വിധിച്ച് രണ്ട് വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ എംപി സ്ഥാനം നഷ്ടമായത്. എന്നാല്‍ രാഹുലിനെതിരായ ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തതോടെ അദ്ദേഹത്തിന് ലോക്‌സഭാംഗത്വം തിരികെ ലഭിക്കുകയായിരുന്നു. വിധി സ്റ്റേ ചെയ്ത ഉടനടി രാഹുലിന് എംപി സ്ഥാനം തിരികെ നല്‍കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ നിലപാട് തെറ്റാണെന്ന് അഭിഭാഷകന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ലോക്‌സഭാംഗത്വം നഷ്ടമായ ഒരു വ്യക്തിക്ക്, അതിന് കാരണമായ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ മാത്രമേ പാര്‍ലമെന്റിലേക്ക് മടങ്ങാനാകു എന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്ന പ്രധാന വാദം.