ചെന്നൈ: സനാതന ധര്‍മ്മത്തെ ഉന്‍മൂലനം ചെയ്യണമെന്ന തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയ വിമര്‍ശനം തമിഴ്‌നാട്ടിലും പുറത്തും ഏറെ രാഷ്ട്രീയ ഒച്ചപ്പാടിന് വഴിവച്ചിരിക്കുകയാണ്. ഉദയനിധി സ്റ്റാലിനെതിരെ വധഭീഷണി മുഴക്കി അയോധ്യയിലെ ഒരു സന്ന്യാസി രംഗത്തു വന്നതാണ് നിലവില്‍ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയത്. ഉദയനിധിയുടെ തലവെട്ടുന്നവര്‍ക്ക് പത്തു കോടി രൂപ പാരിതോഷികം നല്‍കുമെന്നായിരുന്നു അയോധ്യയിലെ സന്യാസിയായ പരമഹംസ് ആചാര്യയുടെ കൊലവിളി. എന്നാല്‍ ഈ കൊലവിളിയോട് ഉദയനിധി സ്റ്റാലിന്‍ നല്‍കിയ സരസമായ മറുപടിയും ചൂടുള്ള വാര്‍ത്തകളില്‍ ഇടംപിടിച്ചു.
തന്റെ തലയ്ക്ക് പത്തു കോടിയുടെ ആവശ്യമില്ലെന്നും പത്തു രൂപയുടെ ചീര്‍പ്പ് കൊണ്ട് തന്റെ മുടി ചീകാമെന്നുമായിരുന്നു സന്യാസിയുടെ ഭീഷണിക്ക് ഉദയനിധി നല്‍കിയ മറുപടി. തന്റെ തല ക്ഷൗരം ചെയ്യാന്‍ ഒരു സ്വാമി പത്തുകോടി പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നുവെന്നും അദ്ദേഹം യഥാര്‍ത്ഥ സന്യാസിയാണോ അതോ ഡൂപ്ലിക്കേറ്റാണോ എന്ന് സംശയിക്കുന്നതായും ഉദയനിധി പരിഹസിച്ചു. തന്റെ തലയോട് എന്താണ് ഇത്ര താല്‍പര്യമെന്നും ഇത്രയുമധികം പണം സന്യാസിക്ക് എവിടുന്നാണ് ലഭിക്കുന്നതെന്നും പത്തുരൂപയുടെ ഒരു ചീപ്പ് തന്നാല്‍ മതി താന്‍ തന്നെ മുടി ചീകിക്കോളാമെന്നും ഉദയനിധി സ്റ്റാലിന്‍ സന്യാസിക്ക് മറുപടി നല്‍കി. ഇത്തരം ഭീഷണികളൊന്നും തങ്ങള്‍ക്ക് പുത്തരിയല്ലെന്നും ഇത് കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ടെന്നും തമിഴ്നാടിന് വേണ്ടി റെയില്‍വേ പാളത്തില്‍ തലവെച്ച് സമരം ചെയ്ത കരുണാനിധിയുടെ കൊച്ചുമകനാണ് താനെന്നും ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു.
സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതുമാണെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതനധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ലെന്നും ഡെങ്കിപ്പനി, കൊതുകുകള്‍, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ലെന്നും അതുപോലെ സനാതന ധര്‍മ്മത്തേയും ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമര്‍ശം.