മുംബൈ: ഏകദിന ലോകകപ്പിനുളള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനം സഞ്ജു വി. സാംസണ്‍ ടീമില്‍ ഇടംപിടിച്ചില്ല. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന, ജസ്പ്രിത് ബംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഷര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍, സൂര്യകുമാര്‍ എന്നിവരാണ് ടീമില്‍ ഇടം നേടിയത്. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. സെലക്ഷന്‍ കമ്മിറ്റി തലവന്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്നിവര്‍ ശ്രീലങ്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്റെ മത്സരക്രമവും വേദികളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് മത്സരങ്ങള്‍ക്ക് തുടക്കമാവുക. നവംബര്‍ 19-ന് അഹമ്മദാബാദിലാണ് ഫൈനല്‍ മല്‍സരങ്ങള്‍ അരങ്ങേറുന്നത്. ആദ്യ മത്സരം അഹമ്മദാബാദില്‍ ഒക്ടോബര്‍ അഞ്ചിന് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലാണ്. ഒക്ടോബര്‍ 15-ന് അഹമ്മദാബാദില്‍ വച്ചാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡല്‍ഹി, ചെന്നൈ, ലക്നൗ, പൂനെ, ബെംഗളൂരു, മുംബൈ, കൊല്‍ക്കത്ത എന്നിങ്ങനെ 10 വേദികളിലായിട്ടാണ് ലോകകപ്പ് മത്സരം നടക്കുക. ഗുവാഹത്തി, തിരുവനന്തപുരം (കാര്യവട്ടം), ഹൈദരാബാദ് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ മൂന്നുവരെ പരിശീലന മത്സരങ്ങള്‍ നടക്കും.