ദുബായ്: ശാസ്ത്ര ലോകം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങള്‍. അങ്ങനെ അറബ് മേഖലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ യുഎഇ ബഹിരാകാശ യാത്രികൻ സുല്‍ത്താന്‍ അല്‍ നെയാദി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുരക്ഷിതനായി ഭൂമിയില്‍ തിരിച്ചെത്തി. 17 മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയാണ് ഡ്രാഗണ്‍ സ്പേസ് ക്രാഫ്റ്റ് ഇന്ന് 2023 സെപ്റ്റംബർ 4, തിങ്കളാഴ്ച ഭൂമിയില്‍ ലാന്‍ഡ് ചെയ്തത്. ഫ്‌ലോറിഡ തീരത്തെ ടാമ്പയ്ക്ക് സമീപമമുള്ള കടലിലാണ് ദൗത്യസംഘം സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റോസ് കോസ്മോസ് ബഹിരാകാശ യാത്രികന്‍ ആന്ദ്രേ ഫെഡ്യേവ് എന്നിവരടങ്ങിയ ബഹിരാകാശ ഗവേഷക സംഘമാണ് യാത്രയിൽ അല്‍ നെയാദിയോടൊപ്പം ഉണ്ടായിരുന്നത്.
ബഹിരാകാശ പേടകത്തിലെ നാല് പ്രാഥമിക പാരച്യൂട്ടുകളുടെ സഹായത്തോടെ സെക്കന്‍ഡില്‍ 25 അടി വേഗതയിലാണ് അൽനെയാദിയും സഹപ്രവർത്തകരും സ്പ്ലാഷ് ഡൗണ്‍ ചെയ്തത്. ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷമായിരുന്നു ദൗത്യസംഘത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര. ബഹിരാകാശ നിലയത്തില്‍ നിന്ന് 2023 സെപ്റ്റംബർ 2 ശനിയാഴ്ച യാത്ര തിരിച്ച് അടുത്ത ദിവസമായ ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തുന്ന രീതിയിലായിരുന്നു നേരത്തെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യുന്ന ഫ്‌ലോറിഡ പ്രദേശത്തെ പിടിച്ചുലച്ച ചുഴലിക്കാറ്റും വെള്ളപ്പൊക്കവും തുടർന്നുള്ള മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര മാറ്റുകയായിരുന്നു. അങ്ങനെ ഒരു ദിവസം വൈകി ഞായറാഴ്ച ബഹിരാകാശത്തു നിന്നും യാത്ര പുറപ്പെട്ട് തിങ്കളാഴ്ച ഭൂമിയിലെത്തുന്ന വിധമാണ് യാത്ര പുന:ക്രമീകരിച്ചത്. അതേസമയം ബഹിരാകാശ നിലയത്തില്‍ നിന്ന് ദൗത്യസംഘം ഭൂമിയിൽ തിരിച്ചെത്തിയാലും ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലവുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച് ഗവേഷണം നടത്തിയ അറബ് വംശജന്‍ എന്ന ബഹുമതി സ്വന്തമാക്കിയാണ് അല്‍ നെയാദി ഭൂമിയിലേക്ക് മടങ്ങിയെത്തിയത്. ആദ്യമായി സ്‌പെയ്സ് വാക്ക് നടത്തിയ അറബ് വംശജന്‍ എന്ന ഖ്യാതിയും നേട്ടവും ഇനിമുതല്‍ അല്‍ നയാദിക്ക് സ്വന്തമായിരിക്കും. ഇതിനിടെ ചരിത്രത്തില്‍ ഇടംപിടിച്ച് ബഹിരാകാശത്ത് ഒരു പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നടന്നതിനും ലോകം സാക്ഷ്യമായി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രചിച്ച മരുഭൂമിയില്‍ നിന്ന് ബഹിരാകാശത്തേക്ക് ( The Journey from desert to the stars) എന്ന പുസ്തകം ബഹിരാകാശത്ത് വച്ച് അല്‍ നെയാദി പ്രകാശനം ചെയ്തു. ലോകത്ത് ആദ്യമായാണ് ഒരു പുസ്തകത്തിന്റെ പ്രകാശനം ബഹിരാകാശത്ത് നടക്കുന്നതും ആ കര്‍മ്മം നിര്‍വഹിക്കാന്‍ അല്‍ നെയാദി നിയോഗിക്കപ്പെട്ടതും ചരിത്രമായി മാറിക്കഴിഞ്ഞു.