കോട്ടയം: പ്രശസ്ത കാഥികനും, അധ്യാപകനും, അഭിഭാഷകനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖനുമായിരുന്ന ജോർജ്ജ് ചാത്തമ്പടത്തിൻ്റെ പേരിലുള്ള പ്രഥമ മലയാള കലാ അക്കാദമി പുരസ്കാരം മുതുകുളം സോമനാഥിന് ലഭിച്ചു. തിരുവിഴ ജയശങ്കർ, പഴയിടം മുരളി, അഞ്ചൽ ഗോപൻ, രാജേഷ് ഹാബിറ്റാറ്റ്, വിനോദ് ചമ്പക്കര എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഈ മാസം 9-ന് (2023 സെപ്റ്റംബർ 9) വൈകിട്ട് 4 മണിക്ക് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ ചേരുന്ന ചാത്തമ്പടം അനുസ്മരണ സമ്മേളനത്തിൽ മലയാള കലാ അക്കാദമി ഡയറക്ടർ കൂടിയായ സർക്കാർ ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് MLA സമ്മാനിക്കും.
മുതുകുളം സോമനാഥ് എല്ലാ അർത്‌ഥത്തിലും ഈ അവാർഡിന് അർഹനാണെന്ന് ജൂറി വിലയിരുത്തി. 50 വർഷങ്ങളുടെ കലാസപര്യയിൽ മൂവായിരത്തിലധികം വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ച കലാകാരനാണ് മുതുകുളം സോമനാഥ്. പേരിനൊപ്പം മുതുകുളമുണ്ടെങ്കിലും നാല് പതിറ്റാണ്ടായി ചേർത്തലയുടെ ഹൃദയത്തോടു ചേർന്ന് നിന്നാണ് സോമനാഥ് തന്റെ കലാസപര്യ തുടരുന്നത്. കാഥികനായ അച്ഛൻ വി.ആർ. തയ്യിലിന്റെ (ആറന്മുള വിക്രമൻനായർ) കഥാകളരിയിൽ നിന്നാണ് സോമനാഥ് കഥപറഞ്ഞു തുടങ്ങിയത്. 1972 മാർച്ചിൽ മുതുകുളം കൊല്ലകൽ പോരൂർ മഠം ക്ഷേത്രമുറ്റത്ത് ‘ശബരി’ എന്ന കഥ അവതരിപ്പിച്ചാണ് അദ്ദേഹം അരങ്ങേറ്റം കുറിക്കുന്നത്. 50 വർഷങ്ങളിൽ 38 കഥകളാണ് അദ്ദേഹം വിവിധ വേദികളിലായി അവതരിപ്പിച്ചത്. ഇതിന്റെയെല്ലാം ഗാനങ്ങളടക്കം അദ്ദേഹം സ്വന്തമായി ചിട്ടപ്പെടുത്തി എന്നതാണ് മറ്റ് കാഥികരിൽ നിന്നും സോമനാഥിനെ വേറിട്ട് നിർത്തുന്നത്.
സാമൂഹ്യ പ്രസക്തിയുള്ള സമകാലീന സംഭവങ്ങളിൽ നിന്നും കഥയൊരുക്കുന്നതാണ് സോമനാഥിന്റെ കഥാഖ്യാന രീതിയുടെ പ്രത്യേകത. സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരങ്ങൾ ഉൾപ്പെടെ 40-ഓളം പുരസ്കാരങ്ങൾ ഇതിനോടകം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിനു പുറത്ത് വിവിധ സംസ്ഥാനങ്ങളിലെ മലയാളി സമൂഹത്തിന് മുന്നിൽ അദ്ദേഹം നിരവധി തവണ കഥ പറഞ്ഞിട്ടുണ്ട്. നിരവധി സിനിമകൾക്കും അദ്ദേഹം തിരക്കഥയും സംഭാഷണവും സംഭാവന ചെയ്തിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട മുത്തുവിന് എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും സംഭാഷണവും രാജൻ പി ദേവ് സംവിധാനം ചെയ്ത അച്ഛന്റെ കൊച്ചു മോള് എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും മാനം തെളിഞ്ഞു എന്ന സിനിമക്ക് തിരക്കഥയും സംഭാഷണവും എല്ലാം മുതുകുളം സോമനാഥിന്റെ സംഭാവനയാണ്. നിരവധി സാഹിത്യ കൃതികളും സോമനാഥ് മലയാളത്തിന് സംഭാവന ചെയ്തിട്ടുണ്ട്. നടിയും നർത്തകിയുമായ ചേർത്തല തങ്കമാണ് ഭാര്യ. മകൻ സേതു അറിയപെടുന്ന സംഗീതജ്ഞനാണ്.