പുതിയ കോവിഡ് വകഭേദം ഖത്തറില്‍; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം

Share

ദോഹ: പുതിയ കൊവിഡ് വകഭേദമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ഇജി.5 ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ കോവിഡ് വകഭേദം സംബന്ധിച്ച് സ്ഥിരീകരണം നടത്തിയ ഖത്തര്‍ ആരോഗ്യ മന്ത്രാലയം, ആശങ്കപ്പെടാനില്ലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അറിയിച്ചു. അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ചികില്‍സയ്ക്കായി ആശുപത്രിയില്‍ ആരെയും പ്രവേശിപ്പിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ നിന്നും ശേഖരിച്ച സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതായും വൈറസ് ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് അല്‍ റുമൈഹി വ്യക്തമാക്കി.

2023 ആഗസ്റ്റ് ആദ്യമാണ് ലോകാരോഗ്യ സംഘടന ഇജി.5-നെ കോവിഡ് വകഭേദമായി പ്രഖ്യാപിച്ചത്. ലോകത്തിന്റെ പലഭാഗത്തും ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇജി.5, ഒമിക്രോണ്‍ വേരിയന്റിന്റെ മറ്റൊരു പതിപ്പാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പല രാജ്യങ്ങളിലും കേസുകള്‍ വര്‍ധിച്ചതിനാല്‍ കാര്യങ്ങള്‍ ശരിയായി നിരീക്ഷിക്കാന്‍ ലോകാരോഗ്യ സംഘടന ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ആശുപത്രികള്‍ മെഡിക്കല്‍ സെന്ററുകള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ അടക്കമുള്ള അണുബാധ പിടിപെടാന്‍ സാധ്യതയുള്ള മേഖലയില്‍ ജോലി ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗലക്ഷണമുണ്ടെന്ന് സംശയമുള്ളവര്‍ ചികിത്സ തേടാന്‍ മടിക്കരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.