തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍

Share

ദുബായ്: യുഎഇ-യില്‍ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് ആവര്‍ത്തിച്ച മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രത്യേകിച്ച് നവമാധ്യമങ്ങളിലെ തെറ്റായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയാണ് യു.എ.ഇ സ്വീകരിച്ചുവരുന്നത്. ഭരണകൂടം, സര്‍ക്കാര്‍ വകുപ്പുകള്‍, ചിഹ്നങ്ങള്‍, യുഎഇയുടെയോ മറ്റേതെങ്കിലും രാജ്യങ്ങളുടെയോ രാഷ്ട്രീയ സംവിധാനവുമായി ബന്ധപ്പെട്ട തെറ്റായ  ഉള്ളടക്കം പോസ്റ്റുചെയ്യുന്നതും ഗുരുതര കുറ്റമാണ്. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിനെതിരായ പോസ്റ്റുകളും കിംവദന്തികളും തെറ്റായ വാര്‍ത്തകളും അനുവദനീയമല്ലെന്ന സൈബര്‍ ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിക്കാന്‍ വ്യക്തികള്‍ ബാധ്യസ്ഥരാണ്.

പൊതുജനങ്ങളെ പ്രകോപിതരാക്കുകയോ പരിഭ്രാന്തരാക്കുകയോ കൂടാതെ ദേശസുരക്ഷയെയും ക്രമസമാധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള വിവരങ്ങള്‍ പ്രചരിപ്പിച്ചാലോ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹവുമായിരിക്കും പിഴ. ഔദ്യോഗിക അറിയിപ്പുകള്‍ക്ക് വിരുദ്ധമായി തെറ്റായ വാര്‍ത്തകള്‍, അധിക്ഷേപങ്ങള്‍, കിംവദന്തികള്‍, തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിവരങ്ങള്‍ എന്നിവ പങ്കുവച്ചാല്‍ ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹം പിഴയുമായിരിക്കും ശിക്ഷ. പകര്‍ച്ചവ്യാധികള്‍, അത്യാഹിതങ്ങള്‍, മറ്റ് പ്രതിസന്ധികള്‍ എന്നിവ സംബന്ധിച്ചുള്ള തെറ്റായ പ്രചാരണമാണെങ്കില്‍ രണ്ട് വര്‍ഷം തടവും കുറഞ്ഞത് 2 ലക്ഷം ദിര്‍ഹം വരെ പിഴയുമായിരിക്കും ശിക്ഷ. അനുവാദമില്ലാതെ അന്യരുടെ ഫോട്ടോയോ വീഡിയോയോ മാധ്യമങ്ങളിലൂടെയോ മറ്റ് സങ്കേതങ്ങളിലൂടെയോ പ്രസിദ്ധപ്പെടുത്തിയാല്‍ ആറ് മാസം തടവോ 1,50,000 ദിര്‍ഹം മുതല്‍ 5 ലക്ഷം വരെ പിഴയോ രണ്ടു ശിക്ഷയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.

അതേസമയം ശിക്ഷയുമായി ബന്ധപ്പെട്ട് പുനരലോചനയ്ക്കായി തങ്ങളുടെ ഭാഗം വിശദീകരിക്കാനുമായി പ്രതിക്ക് അപ്പീല്‍ പോകാന്‍ അവസരമുണ്ടായിരിക്കും. ശിക്ഷാവിധി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ തുടര്‍ന്നുള്ള മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിക്ക് പരാതി നല്‍കാമെന്നും ഒരാഴ്ചയ്ക്കകം പരാതി പരിഗണിക്കണമെന്നുമാണ് നിബന്ധന. ഒരുപക്ഷേ ആദ്യ അപ്പീലില്‍ പരാതി തള്ളിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അബുദാബി ഫെഡറല്‍ കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. അപ്പീലില്‍ ഒരാഴ്ച സമയത്തിനുള്ളില്‍ കോടതിക്ക് തീരുമാനമെടുക്കാം.