പാചക വാതക വില കുറച്ചു; ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പോ?

Share

ഡല്‍ഹി: BREAKING NEWS: ഇന്ത്യയില്‍ ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. 14 കിലോ തൂക്കം വരുന്ന സിലിണ്ടറിന് 200 രൂപ വില കുറയ്ക്കാനാണ് ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇതോടെ, നിലവില്‍ 1,110 രൂപയുള്ള പാചകവാതക സിലിണ്ടറുകളുടെ വില 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ഇതിന് പുറമെ 200 രൂപ കൂടി ഇളവുണ്ടാകും. എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി നല്‍കി സിലിണ്ടര്‍ വില പിടിച്ച് നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ എല്‍.പി.ജി കണക്ഷന്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 19 കിലോ വരുന്ന സിലിണ്ടറുകള്‍ക്ക് 1600 രൂപയിലധികം വില വരുന്നുണ്ട്. 200 രൂപ കുറയുന്നതോടെ വളരെ ആശ്വാസമാവും. ഉജ്വല സ്‌കീമിലുള്ളവര്‍ക്ക് 200 രൂപ കൂടി കുറയുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

അതേസമയം പാചക സിലിണ്ടറുകളുടെ വില ഇളവ് പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധന്‍-ഓണം സമ്മാനമെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. എന്നാൽ രാജസ്ഥാൻ, ഛത്തീസ്‍ഗഡ്, മിസോറാം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള തന്ത്രമെന്നാണ് മറുവിഭാഗം ഉന്നയിക്കുന്നത്. എന്തായാലും കേന്ദ്ര സര്‍ക്കാരിന്റെ അവസരോചിതമായ നീക്കം ചൂടുള്ള ആനുകാലിക രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിമാറിയിട്ടുണ്ട്.