അന്താരാഷ്ട്ര ഖുറാന്‍ മല്‍സരം പുരോഗമിക്കുന്നു; വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം

Share

മക്ക: എല്ലാ വര്‍ഷവും പുണ്യനഗരമായ മക്കയില്‍ നടന്നുവരുന്ന ലോകപ്രസിദ്ധമായ ഖുര്‍ആന്‍ മല്‍സരത്തിന്റെ 43-ാമത് എഡിഷന് തുടക്കമായി. അന്താരാഷ്ട്ര മല്‍സരത്തില്‍ ഇത്തവണ ഇന്ത്യ ഉള്‍പ്പെടെ 117 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഫൈനല്‍ റൗണ്ട് മല്‍സരങ്ങളാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ക്ക് മക്ക മസ്ജിദുല്‍ ഹറം വേദിയാകും. ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിക്കുന്നവരാണ് ഫൈനലില്‍ എത്തുന്നത്. വിജയികളെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുകയാണ്. 40 ലക്ഷം റിയാല്‍ അതായത് ഏകദേശം 9 കോടിയോളം ഇന്ത്യന്‍ രൂപ മൂല്യമുള്ള സമ്മാനങ്ങളായിരിക്കും നല്‍കുന്നത്. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 5 ലക്ഷം റിയാലായിരിക്കും സമ്മാനമെന്ന് ഇവന്റ് ജനറല്‍ സൂപ്പര്‍വൈസറും ഇസ്ലാമികാര്യ മന്ത്രിയുമായ അബ്ദുലത്തീഫ് ആലുഷെയ്ഖ് പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ത്ഥികള്‍ മുന്‍ വര്‍ഷങ്ങളില്‍ ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ചിരുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മേല്‍നോട്ടത്തില്‍ സൗദി ഇസ്ലാമികകാര്യ, കോള്‍ ആന്‍ഡ് ഗൈഡന്‍സ് മന്ത്രാലയമാണ് ഖുര്‍ആന്‍ മല്‍സരം സംഘടിപ്പിക്കുന്നത്. ഖുര്‍ആന്‍ പാരായണം, മനഃപാഠം, വ്യാഖ്യാനം എന്നീ ്‌വ്യത്യസ്ത വിഭാഗങ്ങളിലാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്ന്ത. അന്തരിച്ച അബ്ദുല്‍ അസീസ് രാജാവിന്റെ നാമധേയത്തിലുള്ള പുരസ്‌കാരങ്ങളായിരിക്കും വിജയികള്‍ക്ക് സമ്മാനിക്കുക.